ദേശീയപാത വികസനം വേഗത്തിലാക്കും; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ദില്ലി: കേരളത്തിലെ ദേശീയപാത വികസനം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾ വേഗത്തിലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. വിവിധ പദ്ധതികളുടെ നടപടികൾ വേഗത്തിലാക്കുന്നതിനുള്ള നിർണായക തീരുമാനങ്ങൾ കൂടിക്കാഴ്ചയിൽ ഉണ്ടായതായി മുഖ്യമന്ത്രി അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

ദേശീയപാത 66 വികസനത്തിലെ കാലതാമസം പരിഹരിച്ച് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.

എൻ.എച്ച്. 966 കോഴിക്കോട്–പാലക്കാട് പദ്ധതിക്ക് തുടർ അംഗീകാരം മൂന്ന് മാസത്തിനകം നൽകുമെന്ന് ഉറപ്പ് ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിക്കാവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികൾ 80 ശതമാനം പൂർത്തിയായിട്ടുണ്ട്. ദേശീയപാത വികസനത്തിന് ആവശ്യമായ പുഴമണലും ക്വാറി മെറ്റീരിയലും ലഭ്യമാക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കും.

ശബരിമല റോപ്പ് വേ പദ്ധതിയുടെ ഡിപിആർ തയ്യാറാക്കി ആവശ്യമായ കേന്ദ്ര-സംസ്ഥാന അനുമതികൾ വേഗത്തിലാക്കാനും പദ്ധതി രണ്ട് വർഷത്തിനകം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ധാരണയായതായി മുഖ്യമന്ത്രി വ്യക്തമാക്കി.

വെസ്റ്റേൺ എറണാകുളം ബൈപ്പാസ്, കോതമംഗലം–മൂവാറ്റുപുഴ ബൈപ്പാസ്, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടെയുള്ള മറ്റ് റോഡ് അടിസ്ഥാന സൗകര്യ പദ്ധതികളും വേഗത്തിലാക്കണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിന്റെ റോഡ്-ഗതാഗത അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള തീരുമാനങ്ങളാണ് കൂടിക്കാഴ്ചയിൽ ഉണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button