കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: സിപിഎം നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി; 28 പ്രതികൾക്കെതിരെ വിചാരണയ്ക്ക് അനുമതി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാക്കൾ ഉൾപ്പെടെ 28 പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയ പിഎംഎൽഎ കോടതി, ഇവർക്കെതിരെ വിചാരണ നടത്താമെന്ന് ഉത്തരവിട്ടു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരിഗണിച്ച ശേഷമാണ് കോടതിയുടെ നടപടി.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരമുള്ള പുതിയ നിയമവ്യവസ്ഥ അനുസരിച്ച്, വിചാരണ ആരംഭിക്കുന്നതിന് മുമ്പ് പ്രതികൾക്കെതിരെ കുറ്റം നിലനിൽക്കുമോ എന്ന കാര്യത്തിൽ വാദം കേൾക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കോടതി നടപടികൾ നടന്നത്.
ബിഎൻഎസിലെ സെക്ഷൻ 223(1) പ്രകാരം പ്രതിഭാഗത്തിന്റെ വാദം വിശദമായി കേട്ട ശേഷമാണ് 28 പ്രതികൾക്കെതിരെയും വിചാരണ ആരംഭിക്കാൻ മതിയായ തെളിവുണ്ടെന്ന് കോടതി വിലയിരുത്തിയത്. ഇതോടെ പുതുതായി പ്രതിചേർക്കപ്പെട്ട എല്ലാവർക്കുമെതിരെ നിയമനടപടികൾ മുന്നോട്ടുപോകും.
സിപിഎമ്മിന്റെ മുൻ തൃശൂർ ജില്ലാ സെക്രട്ടറിമാരായ എ.സി. മൊയ്തീൻ എംഎൽഎ, കെ. രാധാകൃഷ്ണൻ എംപി, എം.എം. വർഗീസ് എന്നിവരടക്കമുള്ള നേതാക്കളാണ് അനുബന്ധ കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിലുള്ളത്.
2012-13 കാലഘട്ടത്തിൽ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലത്താണ് ബാങ്കിലെ ക്രമക്കേടുകൾക്ക് തുടക്കമായതെന്നാണ് ഇഡിയുടെ വാദം. ക്രമവിരുദ്ധമായി വായ്പ അനുവദിക്കൽ, ഒരേ ഈടിന്മേൽ ഒന്നിലധികം വായ്പകൾ നൽകൽ തുടങ്ങിയ നടപടികൾക്ക് പാർട്ടി പ്രവർത്തകർ നേതൃത്വം നൽകിയതായും അന്വേഷണ ഏജൻസി ആരോപിക്കുന്നു.
കൂടാതെ, പാർട്ടി ഓഫീസിനായി സ്ഥലം വാങ്ങുന്നതിനും കെട്ടിട നിർമാണത്തിനും ക്രമക്കേടുകളിലൂടെ സമാഹരിച്ച പണം ഉപയോഗിച്ചുവെന്ന കണ്ടെത്തലും ഇഡി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇതിന് മുമ്പ് ബാങ്കിന്റെ മുൻ ഭരണസമിതിയിലെ 53 പേർക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിക്കുകയും കേസിന്റെ വിചാരണ ആരംഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് സിപിഎം നേതാക്കളെ പ്രതിചേർത്ത് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലും ഇഡിയുടെ വാദങ്ങൾ പരിഗണിച്ചാണ് പിഎംഎൽഎ കോടതി വിചാരണയ്ക്ക് അനുമതി നൽകിയിരിക്കുന്നത്.



