പി.എം ശ്രീയും ബന്ധുനിയമനവും; യു.ഡി.എഫിനെതിരെ എം.വി ഗോവിന്ദന്റെ കടുത്ത വിമർശനം

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി, ബന്ധുനിയമന വിവാദം തുടങ്ങിയ വിഷയങ്ങളിൽ യു.ഡി.എഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മുൻപ് പി.എം ശ്രീ പദ്ധതിയെ എതിർത്തിരുന്ന യു.ഡി.എഫ് ഇപ്പോൾ അതേ പദ്ധതിയുമായി മുന്നോട്ടുപോകാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

പി.എം ശ്രീ പദ്ധതിയിൽ പങ്കാളികളാകാത്ത പക്ഷം കേരളത്തിന് ലഭിക്കേണ്ട ഫണ്ടുകൾ അനുവദിക്കില്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാടെന്ന് ചൂണ്ടിക്കാട്ടിയ എം.വി ഗോവിന്ദൻ, അന്ന് സി.പി.എമ്മിനെതിരെ ബി.ജെ.പിയുമായി കൂട്ടുകെട്ടെന്ന ആരോപണം ഉന്നയിച്ചവരാണ് ഇപ്പോൾ പുതിയ ന്യായങ്ങൾ നിരത്തി പദ്ധതിക്ക് പിന്തുണ നൽകുന്നതെന്നും വിമർശിച്ചു. കരാർ മാറ്റിവെക്കാൻ കഴിയുന്ന സാഹചര്യമുണ്ടായിട്ടും യു.ഡി.എഫ് സർക്കാർ അതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

കെ.പി.സി.സി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫിന്റെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിലും എം.വി ഗോവിന്ദൻ വിമർശനം ഉന്നയിച്ചു. മുൻപ് ബന്ധുനിയമനങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന യു.ഡി.എഫ് നേതാക്കൾ, ഇപ്പോൾ സ്വന്തം പക്ഷത്ത് അത്തരം നിയമനം നടന്നപ്പോൾ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബന്ധു കഴിവുള്ള ആളാണെന്ന ന്യായീകരണം അവസരവാദപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, എൽ.ഡി.എഫിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച വിഷയത്തിൽ നിലവിൽ പ്രത്യേക തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ഇടതുപക്ഷ കക്ഷികൾ ഒരുമിച്ച് മുന്നോട്ടുപോകേണ്ടതുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ പാർട്ടി അവഗണിക്കുന്നുവെന്ന ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ആരോപണങ്ങൾക്കും അദ്ദേഹം മറുപടി നൽകി. പാർട്ടി ആരെയും അവഗണിച്ചിട്ടില്ലെന്നും അടുത്തിടെയും താൻ അവരുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നുവെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

വിനോദിനി ബാലകൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ ആരെ ലക്ഷ്യമിട്ടാണെന്ന് തനിക്ക് അറിയില്ലെന്നും അതിനെക്കുറിച്ച് അവർ തന്നെ വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച സി.പി.എം നേതാക്കളായ ഇ.കെ. നായനാരുടെയും ചടയൻ ഗോവിന്ദന്റെയും കുടുംബങ്ങളെയും പാർട്ടി സന്ദർശിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button