കുറ്റ്യാടി പുഴയിലെ ദുരന്തം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപെട്ട അമ്മയും മകനും മരിച്ചു. അമ്മക്കൊപ്പം ഒഴുക്കിൽപെട്ട ഏഴ് വയസുകാരൻ ശിവനന്ദിന്റെ മൃതദേഹം കണ്ടെത്തി. കൈതേരിമുക്ക് സ്വദേശി രമ്യയും മകനുമാണ് ഒഴുക്കിൽപെട്ടത്. തുണിയലക്കാൻ പുഴയിൽ പോയ സമയത്താണ് അപകടമുണ്ടായത്.
കാൽവഴുതി പുഴയിലേക്ക് വീണ ശിവനന്ദിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മ രമ്യയും ഒഴുക്കിൽപെടുകയായിരുന്നു. രമ്യയെ നാട്ടുകാരെത്തി രക്ഷിച്ചെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ശിവനന്ദിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
തോട്ടത്താംകണ്ടി ഭാഗത്താണ് രമ്യയും കുഞ്ഞും ഒഴുക്കിൽപ്പെട്ടത്. മകനൊപ്പം തുണിയലക്കാൻ വേണ്ടി പുഴയിലേക്ക് പോയതാണ് രമ്യ. മകൻ കാൽവഴുതി പുഴയിലേക്ക് വീഴുകയും കുഞ്ഞിനെ രക്ഷിക്കാനുളള ശ്രമത്തിനിടെ ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു എന്നാണ് പ്രാദേശികമായി ലഭിക്കുന്ന വിവരം.



