കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി എംഎൽഎ ആഭ്യന്തര മന്ത്രിക്ക് കത്ത്

കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പിനിടെ പ്രചരിച്ച ‘കാഫിർ സ്ക്രീൻഷോട്ട്’ കേസിലെ അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി എംഎൽഎ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി. മന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് എംഎൽഎ കത്ത് കൈമാറിയത്.
നാടിന്റെ സൗഹാർദ്ദ അന്തരീക്ഷം മലിനമാക്കാൻ ശ്രമിച്ച ‘കാഫിർ സ്ക്രീൻഷോട്ട്’ വ്യാജ പ്രചാരണ കേസിൽ അടിയന്തരമായി ശക്തമായ അന്വേഷണം വേണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ട് 20 മാസത്തിലധികമായിട്ടും അന്വേഷണത്തിൽ പുരോഗതി ഇല്ലെന്നാണ് ആരോപണം.
നിർണായകമായ ശാസ്ത്രീയ തെളിവുകൾ പുറത്തുവിടാതെയും യഥാർത്ഥ പ്രതികളെ കണ്ടെത്താതെയും കേസ് അവസാനിപ്പിക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമം നടക്കുന്നുവെന്ന ആശങ്കയും എംഎൽഎ കത്തിൽ ഉന്നയിച്ചു. നിരപരാധിയായ ഒരു യുവാവിനെ ലക്ഷ്യമിട്ട് സമൂഹത്തിൽ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിച്ച സൈബർ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയത്തിന്റെ ഗൗരവം പൂർണമായി ഉൾക്കൊള്ളുന്നുവെന്നും കേസിൽ സമഗ്ര അന്വേഷണം ഉറപ്പാക്കുമെന്നും കുറ്റക്കാർക്കെതിരെ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി ഉറപ്പ് നൽകിയതായി എംഎൽഎ അറിയിച്ചു. നാടിന്റെ സൗഹാർദ്ദം തകർക്കാൻ ശ്രമിച്ച യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നത് വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



