മെസി വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി ജനീഷ്; ‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു’

ന്യൂഡൽഹി: മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി അബ്ദുറഹ്മാൻ ഉന്നയിച്ച വാദങ്ങൾ തള്ളി കായിക മന്ത്രി ഒ. ജെ. ജനീഷ്. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്നും സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനുള്ള ഇടപെടലാണ് നടന്നതെന്നും മന്ത്രി ഡൽഹിയിൽ ആരോപിച്ചു.
സർക്കാരിന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന മുൻമന്ത്രിയുടെ വാദത്തിൽ കഴമ്പില്ലെന്നും ജനീഷ് പറഞ്ഞു. പരിപാടിയുമായി ബന്ധപ്പെട്ട കമ്പനി 20 ദിവസം മുമ്പ് മാത്രമാണ് രജിസ്റ്റർ ചെയ്തതെന്നും കമ്പനിയുടെ പശ്ചാത്തലം പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിയുടെ ഓഫീസിലെത്തിയ പ്രൊപ്പോസലിൽ റൂൾസ് ഓഫ് പ്രൊസീജ്യർ പാലിച്ചില്ലെന്നും ജനീഷ് വ്യക്തമാക്കി.
‘അമീറ ആരാണ് എന്ന കാര്യത്തിൽ മുൻമന്ത്രി വ്യക്തത വരുത്തണം. മുൻ മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞിരുന്നോ എന്നും പരിശോധിക്കണം. മന്ത്രിയുടെ വിദേശയാത്രയിൽ സർക്കാർ പണം ദുരുപയോഗം ചെയ്തു. ഏകദേശം 14 ലക്ഷം രൂപയാണ് ചെലവായത്. സർക്കാരിനെ മുൻമന്ത്രി നോക്കുകുത്തിയാക്കി’ എന്നും ജനീഷ് ആരോപിച്ചു.
126 കോടി രൂപ നഷ്ടപ്പെട്ടതായി പറയുന്ന സ്പോൺസർ തുക തിരിച്ചുപിടിക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും എന്തുകൊണ്ട് പരാതി നൽകിയില്ലെന്നും മന്ത്രി ചോദിച്ചു. സ്പോൺസറെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളൊന്നും ഫയലുകളിൽ ഇല്ലെന്നും ലാഭവിഹിതം ആർക്കാണ് ലഭിക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ജനീഷ് ആരോപിച്ചു.
അബ്ദുറഹ്മാന്റെ വിദേശയാത്രയെക്കുറിച്ച് മുൻ മുഖ്യമന്ത്രി അറിഞ്ഞിരുന്നോ എന്നതും പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യം മുൻ മുഖ്യമന്ത്രി സ്വാഭാവികമായും അറിയേണ്ടതായിരുന്നുവെന്നും ജനീഷ് പറഞ്ഞു.



