മണ്ഡല പുനർനിർണയത്തിനെതിരെ തമിഴ്നാട് നിയമസഭയിൽ പ്രമേയം; മൂന്ന് ആവശ്യങ്ങളുമായി വിജയ്

ചെന്നൈ: ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിനെതിരെ തമിഴ്നാട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി വിജയ്. ജനസംഖ്യാ നിയന്ത്രണ നടപടികൾ വിജയകരമായി നടപ്പാക്കിയ തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തിയാൽ കുറയാൻ സാധ്യതയുണ്ടെന്ന് വിജയ് ചൂണ്ടിക്കാട്ടി.
മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബിൽ മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസം കേന്ദ്രസർക്കാർ അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് തമിഴ്നാട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്.
മൂന്ന് പ്രധാന ആവശ്യങ്ങളാണ് വിജയ് മുന്നോട്ടുവച്ചത്. നിലവിലുള്ള 543 ലോക്‌സഭാ സീറ്റുകൾ സ്ഥിരമായി നിലനിർത്തുക, ഓരോ സംസ്ഥാനത്തിനും നിലവിൽ അനുവദിച്ചിട്ടുള്ള ലോക്‌സഭാ സീറ്റുകളുടെ എണ്ണം സ്ഥിരമാക്കുക, സംസ്ഥാന നിയമസഭകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുക എന്നിവയാണ് ആവശ്യങ്ങൾ.
വനിതാ സംവരണ നിയമം കേന്ദ്രസർക്കാർ വേഗത്തിൽ നടപ്പാക്കണമെന്നും വിജയ് ആവശ്യപ്പെട്ടു. നിയമസഭയിൽ ബിൽ പാസായിട്ടും നിയമം പ്രാബല്യത്തിൽ വരുത്താൻ കേന്ദ്രം വൈകിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്ത്രീകളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ വിജയ്, സമൂഹം സ്ത്രീകളോട് നന്നായി പെരുമാറുമ്പോഴാണ് രാജ്യത്തിന് നല്ല പേര് ലഭിക്കുകയെന്നും വ്യക്തമാക്കി. സ്ത്രീകളുടെ രാഷ്ട്രീയ അവകാശങ്ങൾ ഉറപ്പാക്കാൻ സംവരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ പുരുഷ വോട്ടർമാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കൂടുതലെന്നും വിജയ് ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ രാഷ്ട്രീയ അവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണ് വനിതാ സംവരണ നിയമം നടപ്പാക്കുന്നതിലെ കാലതാമസമെന്നും അദ്ദേഹം ആരോപിച്ചു.



