‘സുധാകരന്റെ പാർലമെന്ററി മോഹം തിരുത്താൻ ശ്രമിച്ചു’; തുറന്നുകാട്ടാൻ കഴിഞ്ഞില്ലെന്ന് ആർ. നാസർ

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ പാർട്ടിയിൽ പരിശോധനകൾ നടക്കുകയാണെന്ന് സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. ദീർഘകാലം പാർട്ടി ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായി പ്രവർത്തിച്ച ജി. സുധാകരനെ ഒരു സഖാവെന്ന നിലയിൽ പാർട്ടിയോടൊപ്പം നിർത്തിക്കൊണ്ടുപോവാൻ ശ്രമിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. സുധാകരൻ പാർട്ടിവിട്ട് എതിർ മുന്നണിയുടെ ഭാഗമായി മത്സരിച്ചതാണ് പരാജയത്തിന് വഴിവെച്ച പ്രധാന ഘടകങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സ്ഥാനാർഥിനിർണയ വേളയിൽ തനിക്ക് സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് സുധാകരൻ പാർട്ടി വിട്ടതെന്ന് ജില്ലാ സെക്രട്ടറി ആരോപിച്ചു. പാർലമെന്ററി മോഹംമൂലമാണ് അദ്ദേഹം പാർട്ടിവിട്ട് എതിർപക്ഷത്ത് ചേർന്ന് പ്രവർത്തിച്ചത്. പാർട്ടി ഘടനയ്ക്കുള്ളിൽ നിൽക്കുമ്പോഴും ഇത്തരം തെറ്റായ സമീപനങ്ങൾ ചൂണ്ടിക്കാണിക്കാനും തിരുത്തിക്കാനും ശ്രമിച്ചിരുന്നു. ദീർഘകാലം പാർട്ടി ഭാരവാഹിത്വംവഹിച്ച ഒരാളിൽനിന്ന് ഇത്തരമൊരു നിലപാട് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം അവസാന നിമിഷത്തിലാണ് സുധാകരൻ പാർട്ടിവിട്ടതെന്നതിനാൽ അദ്ദേഹത്തിന്റെ നിലപാടുകൾ ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടാൻ മതിയായ സമയം ലഭിച്ചില്ല. ലഭിച്ച കുറഞ്ഞ സമയത്തിനുള്ളിൽ പാർട്ടി കൃത്യമായി പ്രതികരിക്കുകയും പ്രചാരണം നടത്തുകയും ചെയ്തിരുന്നു. പക്ഷേ, മുൻപ് സുധാകരന് വോട്ടുചെയ്തുകൊണ്ടിരുന്ന ചില വോട്ടർമാരുടെ സംശയങ്ങൾ ദുരീകരിക്കാൻ കഴിഞ്ഞില്ല. അതിന്റെ ഫലമായി ആ വോട്ടുകളിൽ ഒരു പങ്ക് അദ്ദേഹത്തിന് ലഭിച്ചെന്നും നാസർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button