‘ഇന്ത്യ ഇന്ന് സാമ്പത്തിക ശക്തി’; 80-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയർത്തി മോദി

ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ തുടക്കമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയ‌ർത്തി. വന്ദേമാതരത്തിന് ശേഷം രാവിലെ ഏഴരയോടെയാണ് പതാകയുയർത്തിയത്. ശേഷം 21 ആചാരവെടികൾ മുഴക്കി. വ്യോമസേനയുടെ എം 17 ഹെലികോപ്റ്ററുകൾ ആകാശത്തുനിന്ന് പുഷ്‌പവൃഷ്‌ടി നടത്തി.

ദേശീയ പതാകയേന്തിയ ഒരു ഹെലികോപ്റ്ററും വന്ദേമാതരം എന്നെഴുതിയ ഹെലികോപ്റ്ററുമാണ് പുഷ്‌പവൃഷ്‌ടി നടത്തിയത്. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്‌മരിച്ചുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.’എല്ലാ മനസുകളിലും വന്ദേമാതരമാണ്. പുത്തൻ പ്രതീക്ഷകളുമായി രാജ്യം മുന്നേറുകയാണ്. ലക്ഷ്യങ്ങൾ പൂർത്തിയാക്കാനുള്ല യാത്രയിലാണ് നാം.

സ്വപ്‌നങ്ങളെല്ലാം യാഥാർത്ഥ്യമാകും. വികസിത ഭാരതം 2047ൽ യാഥാർത്ഥ്യമാകും. നിങ്ങൾ വലിയ സ്വപ്‌നങ്ങൾ കാണണം. ഞാൻ 12 വർഷമായി ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുന്നു. വലിയ നേട്ടങ്ങൾ നമുക്ക് കൈവരിക്കാനാകും. ലോക സാമ്പത്തിക ശക്തിയായി നാം മാറി. ഡിജിറ്റൽ രംഗത്തും നാം നേട്ടങ്ങൾ കൈവരിച്ചു. ദാരിദ്ര്യ നിർമാർജനമെന്ന ലക്ഷ്യം വിജയിച്ചു.

നിയമ വ്യവസ്ഥ ശക്തവും സുതാര്യവുമായി.സാങ്കേതിക മേഖലയിൽ വിപ്ലവകരമായ മാറ്റമുണ്ടായി. ഡിജിറ്റൽ ഇടപാടുകൾ എത്രയോ മടങ്ങ് കൂടി. അടിസ്ഥാന സൗകര്യം എല്ലാവർക്കുമെന്ന ലക്ഷ്യം നിറവേറ്റി. സെമി കണ്ടക്‌ടർ മേഖലയിൽ വലിയ മുന്നേറ്റമുണ്ടായി. ആണവോർജ മേഖലയിൽ സ്വയം ശക്തിയായി. ഊർജ സുരക്ഷാ രംഗത്തും നേട്ടങ്ങൾ കൈവരിച്ചു. ഇന്റർനെറ്റ് ഉപഭോക്താക്കൾ നാലിരട്ടിയായി’ – പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button