മനുഷ്യ-വന്യജീവി സംഘർഷം; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി ഷിബു ബേബി ജോൺ

തിരുവനന്തപുരം: ഏറ്റുമുട്ടലല്ല സഹജീവനമാണ് മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് പരിഹാരമെന്ന് മന്ത്രി ഷിബു ബേബിജോണ്‍. മനുഷ്യ- വന്യ ജീവി സംഘര്‍ഷത്തില്‍ ജീവനും ജീവനോപാധിയും നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം 50 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജഗതി ജവഹര്‍ സഹകരണ ഭവന്‍ ആഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിച്ച, വനാതിര്‍ത്തി പങ്കിടുന്ന തദ്ദേശസ്ഥാപന പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ വകുപ്പ് മന്ത്രി കെഎം ഷാജി അദ്ധ്യക്ഷനായിരുന്നു.

വന്യജീവി ഭീഷണി ലഘൂകരിക്കാന്‍

വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്ത കര്‍മ്മ പദ്ധതി ആസൂത്രണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. വനാതിര്‍ത്തി പ്രദേശത്തെ കര്‍ഷകരുടെ ഭൂമിയുമായി ബന്ധപ്പെട്ട എന്‍ ഒ സി നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കും. മറ്റ് നിയമക്കുരുക്കുകള്‍ ഇല്ലെങ്കില്‍ മൂന്നു മാസത്തിനകം ഉദ്യോഗസ്ഥന്‍ എന്‍ഒസി നല്‍കിയിരിക്കണമെന്നും മനപ്പൂര്‍വ്വം കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി താക്കീത് നല്‍കി.

മനുഷ്യ- വന്യജീവി സംഘര്‍ഷങ്ങളില്‍ ജീവനും ജീവനോപാധിയും നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് അദാലത്തുകള്‍ സംഘടിപ്പിക്കും. സര്‍ക്കാരിന്റെ100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ആഗസ്റ്റിലാണ് അദാലത്ത് സംഘടിപ്പിക്കുക. വനാതിര്‍ത്തി പ്രദേശവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനും പദ്ധതി ആവിഷ്‌ക്കരിക്കും. വനവുമായി ബന്ധപ്പെട്ട നിസാര കുറ്റകൃത്യങ്ങളുടെ പേരിലുള്ള കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും അദാലത്ത് സംഘടിപ്പിക്കും.

നാടന്‍ കുരങ്ങിനെ ഷെഡ്യൂള്‍ ഒന്നില്‍ നിന്ന് ഷെഡ്യൂള്‍ രണ്ടിലേയ്ക്ക് മാറ്റുന്നതിനുള്ള നിയമ ഭേദഗതി കൊണ്ടുവരുന്ന വിഷയം കേന്ദ്ര വനം മന്ത്രി തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. വനാതിര്‍ത്തികളിലെ പല പഞ്ചായത്തുകളിലും കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഈ പ്രദേശങ്ങളിലെ പഞ്ചായത്തു പ്രസിഡന്റുമാര്‍ക്ക് ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സ്റ്റാറ്റസ് നല്‍കിയിട്ടുണ്ട്. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് അനുമതി നല്‍കാം. ഷൂട്ടര്‍മാരുടെ എണ്ണം കുറവാണെങ്കില്‍ റൈഫിള്‍സ് ക്ലബുകളുടെ സേവനവും ഉപയോഗപ്പെടുത്താം.

മനുഷ്യ- വന്യജീവി സംഘര്‍ഷ സ്വഭാവം അടിസ്ഥാനമാക്കി വനാതിര്‍ത്തി പ്രദേശങ്ങളെ 12 ലാന്‍ഡ്‌സ്‌കേപ്പുകളായി തിരിച്ച് തീവ്ര അപകട സാധ്യതാ പ്രദേശങ്ങള്‍, ഉയര്‍ന്ന അപകട സാദ്ധ്യത പ്രദേശങ്ങള്‍, മധ്യ തല അപകട സാധ്യത പ്രദേശങ്ങള്‍ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഇവയില്‍ ഹോട്ട് സ്‌പോട്ടുകള്‍ പ്രത്യേകം അടയാളപ്പെടുത്തി എ ഐ ഉപയോഗിച്ചുള്ള ശബ്ദ വെളിച്ച പ്രതിരോധ സംവിധാനം, തൂക്കുവേലി, വലിയ മതിലുകള്‍ എന്നിങ്ങനെ ത്രീ ടയര്‍ പ്രതിരോധ മാര്‍ഗ്ഗം സ്വീകരിക്കും. കാട്ടാന ശല്യമുള്ള പ്രദേശങ്ങളില്‍ വേലികളില്‍ തേനീച്ചക്കൂടുകളും പരീക്ഷിക്കും.

വന്യമൃഗങ്ങള്‍ ഇറങ്ങുന്ന പ്രദേശങ്ങളില്‍ വനം വകുപ്പ് ഘട്ടംഘട്ടമായി സോളാര്‍ ഫെന്‍സിംഗ് പൂര്‍ത്തിയാക്കും. ഇതിന്റെ പരിപാലനം പഞ്ചായത്തുകള്‍ ഏറ്റെടുക്കണമെന്നും അതിനായി പ്രോജക്ടുകള്‍ പാസാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.നാട്ടിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ കാട്ടിലേക്ക് തിരിച്ചു കയറ്റുന്നതിന് അധികമായി 25 റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ രൂപീകരിക്കും. കൂടാതെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന് അഞ്ച് പേരുടെ ഒരു സംഘം എന്ന കണക്കില്‍ 100 റെസ്‌ക്യൂ സംഘങ്ങള്‍ രൂപീകരിക്കുന്നതിന് 500 പേരെ പുതുതായി നിയമിക്കും.

ആദിവാസി യുവാക്കള്‍ക്കും ഫോറസ്റ്റ് റാങ്ക് ലിസ്റ്റ് പട്ടികയില്‍ ഇടം നേടി ജോലി ലഭിക്കാതെ പോയവരില്‍ യോഗ്യതയുള്ള വര്‍ക്കും മുന്‍ഗണന നല്‍കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക കര്‍മ്മ പദ്ധതിയില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.വനാതിര്‍ത്തികളിലെ പഞ്ചായത്തുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കൃത്യമായ ധാരണ ദ്രുതകര്‍മ്മ സേനകള്‍ക്കുണ്ടാകണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെഎം ഷാജി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. വനാതിര്‍ത്തി മേഖലകള്‍ സംഘര്‍ഷ രഹിതമാകുന്നതിന് ശാസ്ത്രീയ പഠനം ആവശ്യമാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരവും മന്ത്രി ഉറപ്പു നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button