കെ-റെയിലിന് ബദലായി അതിവേഗ റെയിൽ; പഠനത്തിന് നാലംഗ സമിതി, ശ്രീധരൻ പദ്ധതിയുടെ സാധ്യതകൾ പരിശോധിക്കും

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്ക് പകരമായി യുഡിഎഫ് സർക്കാർ പരിഗണിക്കുന്ന അതിവേഗ റെയിൽ പദ്ധതിയുടെ സാധ്യതകൾ പഠിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചു. മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച ബദൽ പദ്ധതിയുടെ സാങ്കേതിക, സാമ്പത്തിക, പരിസ്ഥിതി വശങ്ങൾ വിശദമായി പരിശോധിക്കാനാണ് സർക്കാർ തീരുമാനം.
പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് കഴിഞ്ഞ ആഴ്ച ഇ. ശ്രീധരൻ മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയിരുന്നു. ഗതാഗത സെക്രട്ടറിയുടെ അധ്യക്ഷതയിൽ രൂപീകരിച്ച സമിതിയിൽ പരിസ്ഥിതി വിദഗ്ധൻ ശ്രീധർ രാമകൃഷ്ണനും അംഗമാണ്. കെ-റെയിൽ പദ്ധതിയെ ശക്തമായി എതിർത്തിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകനാണ് അദ്ദേഹം.
ഇ. ശ്രീധരൻ മുന്നോട്ടുവച്ച നിർദേശങ്ങൾ എത്രത്തോളം പ്രായോഗികമാണെന്ന് വിലയിരുത്തി സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. സംസ്ഥാന സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത തരത്തിലാണ് പദ്ധതി നടപ്പാക്കാനാകുക എന്ന ഉറപ്പാണ് ഇടക്കാല റിപ്പോർട്ടിൽ നൽകിയിരിക്കുന്നത്.
ഏകദേശം 60,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വെറും മൂന്നര മണിക്കൂർ കൊണ്ട് യാത്ര ചെയ്യാനാകുമെന്നാണ് കണക്കുകൂട്ടൽ. പദ്ധതി കാസർകോട് വരെ നീട്ടാനുള്ള സാധ്യതയും സർക്കാർ പരിഗണിക്കുന്നുണ്ട്.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 473.2 കിലോമീറ്റർ ദൂരത്തിൽ സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് അതിവേഗ റെയിൽ പാത വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ ജില്ലകളിലായി 23 സ്റ്റേഷനുകളും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. രണ്ടാം ഘട്ടത്തിൽ വയനാട് ഉൾപ്പെടെയുള്ള മേഖലകളിലേക്കും പാത വിപുലീകരിക്കാനാണ് ആലോചന.
നിലവിൽ റെയിൽവേ ബന്ധമില്ലാത്ത മേഖലകളിലൂടെയാണ് പുതിയ പാത കടന്നുപോകുക. കെ-റെയിലിനെ അപേക്ഷിച്ച് ഭൂമിയേറ്റെടുക്കൽ കുറവായിരിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നത്. ഉയർന്ന തൂണുകളും ഭൂഗർഭ പാതകളും ഉൾപ്പെടുത്തിയുള്ള രൂപകൽപ്പനയാണ് പരിഗണിക്കുന്നത്. ഭൂമിയേറ്റെടുക്കൽ സംബന്ധിച്ച് കെ-റെയിൽ സംരക്ഷണ സമിതി മുന്നോട്ടുവച്ച നിർദേശങ്ങളും സർക്കാർ പരിശോധിക്കും.



