“മഴ ശക്തം; സംസ്ഥാനത്ത് ജാഗ്രത,ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരും. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് നൽകിയിട്ടുള്ളത്. ഈ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്കും വേഗത്തിൽ വീശിയടിക്കുന്ന കാറ്റിനും സാദ്ധ്യതയുള്ളതിനാലാണ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലെ ശക്തമായ മഴ മിന്നൽ പ്രളയത്തിന് കാരണമായേക്കാൻ സാദ്ധ്യതയുള്ളതിനാൽ മുൻകരുതൽ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാദ്ധ്യതയുള്ളതിനാൽ കനത്ത ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർദേശമുണ്ട്.



