ഖജനാവ് നിറയ്ക്കാൻ വീണ്ടും വായ്പ; 1800 കോടി കൂടി കടമെടുക്കാൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നതിനായി പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കൂടി കടമെടുക്കാനൊരുങ്ങി കേരള സർക്കാർ. ഡിസംബർ വരെ ആകെ 23,000 കോടി രൂപ കടമെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയ സാഹചര്യത്തിലാണ് പുതിയ നീക്കം. മുഖ്യമന്ത്രി വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ പ്രധാന വായ്പാ സമാഹരണമായും ഇത് വിലയിരുത്തപ്പെടുന്നു.

ഈ മാസം 12-ന് സർക്കാർ 2800 കോടി രൂപ കടമെടുത്തിരുന്നു. ജീവനക്കാരുടെ ശമ്പളം, പെൻഷൻ, സാമൂഹ്യസുരക്ഷാ പെൻഷൻ, പുതുതായി പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ എന്നിവയ്ക്കുള്ള ധനസമാഹരണത്തിനായാണ് വീണ്ടും കടമെടുക്കുന്നത്. റിസർവ് ബാങ്ക് വഴി പുറത്തിറക്കുന്ന കടപ്പത്രങ്ങളുടെ ലേലം മേയ് 26-ന് നടക്കും.

അതേസമയം സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ഉറപ്പാക്കുന്നതിനായി രൂപീകരിച്ച കേരള സോഷ്യൽ സെക്യുരിറ്റി പെൻഷൻ ലിമിറ്റഡിന് സർക്കാർ 6000 കോടി രൂപയുടെ ഗ്യാരന്റിയും അനുവദിച്ചു. കഴിഞ്ഞ വർഷം നൽകിയ 6000 കോടി രൂപയുടെ ഗ്യാരന്റിയുടെ കാലാവധി നവംബറിൽ അവസാനിച്ചിരുന്നു.

പുതിയ ഗ്യാരന്റി ഉപയോഗിച്ച് കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്ന് 500 കോടി രൂപയും കെ.എസ്.എഫ്.ഇയിൽ നിന്ന് 3070 കോടി രൂപയും വായ്പയെടുക്കാനാണ് തീരുമാനം. നാല് മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ കുടിശിക തീർപ്പാക്കാൻ ഏകദേശം 3600 കോടി രൂപ ആവശ്യമാണ്.

ഇതിനിടെ, കഴിഞ്ഞ പത്ത് വർഷത്തെ ഇടതുമുന്നണി ഭരണകാലത്തെ സാമ്പത്തിക സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ധവളപത്രം തയ്യാറാക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. മുൻ കാബിനറ്റ് സെക്രട്ടറിയും ആസൂത്രണ ബോർഡ് ഉപാധ്യക്ഷനുമായ ഡോ. കെ.എം. ചന്ദ്രശേഖരൻ ആണ് സമിതിയുടെ അധ്യക്ഷൻ.

ജൂൺ 5-ന് പുതിയ സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെ, അതിന് മുമ്പായി ധവളപത്രം പുറത്തുവിടാനാണ് സർക്കാർ നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button