കെ-ഡിസ്‌കിൽ നിന്ന് കുടുംബശ്രീയെ പുറത്താക്കി സർക്കാർ; ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതും

തിരുവനന്തപുരം: കേരള ഡെവലപ്‌മെന്റ് ആൻഡ് സ്ട്രാറ്റജിക് ഇന്നൊവേഷൻ കൗൺസിലിൽ (കെ-ഡിസ്‌ക്) നിന്നുള്ള കുടുംബശ്രീയുടെ സഹകരണം അവസാനിപ്പിച്ച് സർക്കാർ. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ജില്ലാ തലത്തിലെ പ്രോഗ്രാം മാനേജർമാരുടെ സേവനം ഇനി ആവശ്യമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ച ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും തൊഴിൽ നൈപുണ്യവും സാങ്കേതികവിദ്യാ പരിജ്ഞാനവും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് കെ-ഡിസ്‌കിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കിയത്.
കുടുംബശ്രീയുടെ നേതൃത്വത്തിൽ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റി അംബാസഡർമാരെ നിയോഗിച്ചിരുന്നു. ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ തലത്തിൽ പ്രോഗ്രാം കോർഡിനേറ്റർമാരും പ്രവർത്തിച്ചിരുന്നു.
ഓരോ വീടുകളിലെയും തൊഴിലില്ലാത്തവരുടെ എണ്ണം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ താൽപര്യം തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാൽ, ഈ സംവിധാനത്തിൽ ഇനി കുടുംബശ്രീയുടെ സേവനം ആവശ്യമില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 31-നകം പദ്ധതിയുമായി ബന്ധപ്പെട്ട ഇത്തരം പ്രവർത്തനങ്ങളെല്ലാം അവസാനിപ്പിക്കണമെന്ന് കുടുംബശ്രീക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ തീരുമാനത്തോടെ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതിയുടെ നിലവിലെ പ്രവർത്തനരീതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കും.



