ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അന്വേഷണ സംഘം വിപുലീകരിച്ചു, സിപിഎം നേതാക്കൾക്ക് നോട്ടീസ്

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചു. കേസിന്റെ ഗൗരവവും ഗൂഢാലോചനാ സാധ്യതയും കണക്കിലെടുത്താണ് കൂടുതൽ എസ്.ഐമാരെയും സി.പി.ഒമാരെയും ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്.
ഉന്നത സി.പി.എം നേതാക്കളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്, മുൻമന്ത്രി വി. ശിവൻകുട്ടി എന്നിവർക്ക് അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുമെന്നാണ് വിവരം.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും ആക്രമണം ആസൂത്രിതമായിരുന്നോ, ആരുടെയെങ്കിലും പ്രേരണയുണ്ടായിരുന്നോ എന്നുമാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്.
ആക്രമണം നടന്ന സമയത്തും അതിന് തൊട്ടുമുമ്പും സി.പി.എം നേതാക്കൾ നടത്തിയ ഫോൺ ആശയവിനിമയങ്ങളാണ് അന്വേഷണത്തിൽ പ്രധാനമായും പരിശോധിക്കുന്നത്. ഫോൺ കോളുകളുടെ സൈബർ ഫോറൻസിക് പരിശോധനാ ഫലം കേസിൽ നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.



