കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി റദ്ദാക്കണം; സിസിഐയിൽ ഹർജി

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയിൽ (സിസിഐ) ഹർജി. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റുമായ ബിബിൻ ടി. ആലപ്പാട്ടാണ് ഹർജി സമർപ്പിച്ചത്.

പ്രിയദർശിനി പദ്ധതി സ്വകാര്യ ബസുകളുടെ മത്സരക്ഷമത ഇല്ലാതാക്കുകയും കെഎസ്ആർടിസിക്ക് മാത്രം നേട്ടമുണ്ടാക്കുകയും ചെയ്യുന്നുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. വിപണിയിൽ തുല്യമായ മത്സര സാഹചര്യം ഉറപ്പാക്കേണ്ടതാണെന്നും സർക്കാർ നടപ്പിലാക്കിയ സൗജന്യ യാത്രാ പദ്ധതി സാമാന്യനീതിക്ക് വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

സൗജന്യ യാത്ര ലഭ്യമാകുന്നതോടെ സ്വകാര്യ ബസുകളിൽ യാത്ര ചെയ്തിരുന്ന സ്ത്രീകൾ കൂട്ടത്തോടെ കെഎസ്ആർടിസിയിലേക്ക് മാറിയെന്നും ഹർജിയിൽ പറയുന്നു. സൗജന്യ യാത്ര എന്ന ആനുകൂല്യം മാത്രമാണ് യാത്രക്കാരുടെ ഈ മാറ്റത്തിന് പ്രധാന കാരണമെന്നാണ് ആരോപണം.

ഇതോടെ സ്വകാര്യ ബസ് മേഖലയിലെ വരുമാനത്തിൽ വലിയ ഇടിവുണ്ടായെന്നും നിലവിലെ സാഹചര്യത്തിൽ സ്വകാര്യ ബസ് സർവീസുകൾ സാമ്പത്തികമായി ലാഭകരമായി നടത്താൻ കഴിയാത്ത അവസ്ഥയിലാണെന്നും ഹർജിയിൽ പറയുന്നു. പദ്ധതി നടപ്പാക്കിയതിന് പിന്നാലെ 750 സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിച്ചതായും തുടർന്നും പദ്ധതി നിലനിൽക്കുകയാണെങ്കിൽ കൂടുതൽ സർവീസുകൾ നിർത്തിവയ്ക്കേണ്ടിവരുമെന്നും ബസ് ഉടമകൾ ആരോപിക്കുന്നു.

സ്വകാര്യ ബസ് മേഖലയിൽ ഇതുവഴി വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതിനൊപ്പം ആയിരക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടപ്പെടാനും സാഹചര്യമൊരുങ്ങുമെന്നാണ് ഹർജിയിലെ വാദം. സർക്കാർ പദ്ധതിയിലൂടെ ഒരു പൊതുമേഖലാ സ്ഥാപനത്തിന് മാത്രം അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നത് മത്സരനിയമങ്ങളുടെ അടിസ്ഥാനതത്വങ്ങൾക്ക് വിരുദ്ധമാണോയെന്നതും സിസിഐ പരിശോധിക്കണമെന്നാണ് ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button