‘11 കിലോ ഭാരം കൂടി, ആശങ്കയില്ല’; ഗർഭകാലം ആസ്വദിക്കുകയാണെന്ന് സാമന്ത

മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആരാധകരുള്ള നടിയാണ് സാമന്ത റൂത്ത് പ്രഭു. ഇൻസ്റ്റഗ്രാമിൽ താരം പങ്കുവയ്ക്കുന്ന ഓരോ ചിത്രവും ആരാധകർ ഏറ്റെടുക്കാറുണ്ട്. അടുത്തിടെയായി ഗർഭകാലത്തെ മനോഹര ചിത്രങ്ങളും അനുഭവങ്ങളുമാണ് സാമന്ത കൂടുതലും പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ ‘ആസ്ക് മീ എനിത്തിംഗ്’ എന്നൊരു സ്റ്റോറി ആരാധകർക്കാർ പങ്കുവച്ചിരിക്കുകയാണ് സാമന്ത. ഇതിൽ ഭൂരിഭാഗംപേരും താരത്തിന്റെ ഗർഭകാലത്തെ അനുഭവങ്ങളെക്കുറിച്ചാണ് ചോദിച്ചിരിക്കുന്നത്.
ഗർഭകാലത്ത് ശരീരഭാരം കൂടുന്നതിനെപ്പറ്റിയാണ് ഒരു ആരാധിക ആശങ്ക പങ്കുവച്ചത്. അതിന് നിങ്ങളുടെ അവസ്ഥ എനിക്ക് മനസിലാകും, എനിക്ക് ഇതിനോടകം 11 കിലോ ഭാരം കൂടിയിട്ടുണ്ട് എന്നാണ് സാമന്ത നൽകിയ മറുപടി. മുമ്പ് ശരീരഭാരത്തെക്കുറിച്ച് ആശങ്ക ഉണ്ടായിരുന്നെങ്കിലും ഈ ഘട്ടം തനിക്ക് നൽകുന്ന മാനസിക ഊർജം വളരെ വലുതാണെന്നും നടി കൂട്ടിച്ചേർത്തു. ഗർഭകാലം ഇത്രയും ആത്മവിശ്വാസവും കരുത്തും സമ്മാനിക്കുമെന്ന് ഒട്ടും കരുതിയില്ലെന്നും ശരിക്കും ഇത് ആസ്വദിക്കുകയാണെന്നും സാമന്ത കുറിച്ചു.
ഈ സമയത്തും ഡോക്ടർമാരുടെ ഉപദേശത്തോടെയും വിദഗ്ദ്ധരുടെ മേൽനോട്ടത്തോടെയും വ്യായാമങ്ങൾ തുടരുന്നുണ്ടെന്നും താരം വ്യക്തമാക്കി.എന്നാൽ, എല്ലാവരുടെയും ആരോഗ്യസ്ഥിതിയും ശരീരപ്രകൃതിയും വ്യത്യസ്തമായതിനാൽ തന്റെ രീതികൾ അതേപടി പിന്തുടരുതെന്നും സാമന്ത ആരാധകർക്ക് മുന്നറിയിപ്പ് നൽകി. സിനിമാ തിരക്കുകൾക്കെല്ലാം താൽക്കാലികമായി അവധി നൽകിയിരിക്കുകയാണ് നടി.



