എസ്.ടി.യു നേതാക്കളുടെ ഉയർച്ച തൊഴിലാളി പ്രസ്ഥാനത്തിന്റെ അഭിമാന നിമിഷമെന്ന് ജി. മാഹീൻ അബുബക്കർ

തിരുവനന്തപുരം: എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുള്ള എം.എൽ.എയായി നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത് സ്പീക്കർ തെരഞ്ഞെടുപ്പിൽ പങ്കെടുത്തതിന് പിന്നാലെ തൊഴിലാളി പ്രസ്ഥാനത്തിന് അഭിമാന നിമിഷമാണിതെന്ന് എസ്.ടി.യു നേതാവ് ജി. മാഹീൻ അബുബക്കർ പറഞ്ഞു.

മഞ്ചേരി മണ്ഡലത്തിൽ നിന്ന് മഹാഭൂരിപക്ഷത്തിൽ വിജയിച്ച അഡ്വ. എം. റഹ്മത്തുള്ളയുടെ നിയമസഭ പ്രവേശനം ഒരു വ്യക്തിയുടെ രാഷ്ട്രീയ നേട്ടമെന്നതിലുപരി തൊഴിലാളി പ്രസ്ഥാനത്തിന്റെ വിജയമായി കാണേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭ സന്ദർശക ഗ്യാലറിയിൽ നിന്ന് സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കുമ്പോൾ ഹൃദയം നിറഞ്ഞ അഭിമാനവും സന്തോഷവുമാണ് അനുഭവപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. തൊഴിലാളി പ്രസ്ഥാനത്തിന്റെ കരുത്തും ജനവിശ്വാസവും ഒരുമിച്ച് പ്രകടമായ അപൂർവ നിമിഷങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു.

എസ്.ടി.യു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സണുമായ വല്ലഞ്ചിറ മജീദ്, തോട്ടം തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ടി. ഹംസ എന്നിവർ ഉൾപ്പെടെ നിരവധി തൊഴിലാളി നേതാക്കൾ ഭരണ-രാഷ്ട്രീയ രംഗത്തെ ഉയർന്ന ഉത്തരവാദിത്വങ്ങളിൽ എത്തിച്ചേർന്നതും സംഘടനയുടെ വളർച്ചയുടെ തെളിവാണെന്ന് ജി. മാഹീൻ അബുബക്കർ ചൂണ്ടിക്കാട്ടി.

വയനാട്ടിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് എസ്.ടി.യുവിന് അടിത്തറ പാകിയ കെ.എം. സീതി സാഹിബിന്റെ സംഭാവനയും അദ്ദേഹം അനുസ്മരിച്ചു. കഠിന സമരങ്ങളിലൂടെയും അടിച്ചമർത്തലുകളെയും അവഗണനകളെയും അതിജീവിച്ചുമാണ് എസ്.ടി.യു വളർന്നതെന്നും, ആ പോരാട്ട ചരിത്രം സംഘടനയുടെ അഭിമാന അധ്യായങ്ങളായി നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് പോലുള്ള വലിയ രാഷ്ട്രീയ പ്രസ്ഥാനം എസ്.ടി.യു നേതാക്കൾക്ക് നിർണായക ഉത്തരവാദിത്വങ്ങൾ നൽകുന്നത് തൊഴിലാളി സമൂഹത്തിനിടയിൽ സംഘടന നേടിയ വിശ്വാസത്തിന്റെയും അംഗീകാരത്തിന്റെയും തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button