സ്ത്രീകളുടെ സൗജന്യ യാത്ര; കെ.എസ്.ആർ.ടി.സിക്ക് കോടികളുടെ നഷ്ടമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വരുമാനനഷ്ട കണക്ക് സർക്കാർ പരിഗണനയിൽ. മൂന്ന് മാസത്തെ പഠന റിപ്പോർട്ട് ഗതാഗത സെക്രട്ടറിക്ക് കൈമാറിയതായി കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. വരുമാനപരിധിയില്ലാതെ എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര അനുവദിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
നിലവിൽ കെ.എസ്.ആർ.ടി.സിക്ക് ആകെ 5280 ബസുകളാണുള്ളത്. ഇതിൽ 3200 എണ്ണം ഓർഡിനറി സർവീസുകളാണ്. സർവീസിനിറങ്ങുന്ന 4700 ബസുകളിൽ 2700ൽ താഴെ മാത്രമാണ് ഓർഡിനറി ബസുകൾ. ‘സിറ്റി ഫാസ്റ്റ്’ ബസുകളിലും സൗജന്യ യാത്ര അനുവദിക്കണമോയെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
ഓർഡിനറി ബസുകളിൽ യാത്ര ചെയ്യുന്നവരിൽ 50 ശതമാനത്തിലേറെയും സ്ത്രീകളാണെന്നാണ് കണക്ക്. ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസം 57 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ട്. സിറ്റി ഫാസ്റ്റ് ബസുകളിലും പദ്ധതി വ്യാപിപ്പിച്ചാൽ നഷ്ടം 65 കോടിയായി ഉയരും.
അതേസമയം ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിലേക്കും സൗജന്യ യാത്ര വ്യാപിപ്പിച്ചാൽ പ്രതിമാസ നഷ്ടം 90 കോടി രൂപയാകും. മുഴുവൻ സർവീസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പക്ഷം 112 കോടി രൂപവരെ വരുമാനനഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
പദ്ധതി നടപ്പിലായാൽ സ്ത്രീ യാത്രക്കാരുടെ എണ്ണം 60 ശതമാനത്തോളം ഉയരുമെന്നാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെ വിലയിരുത്തൽ. നഷ്ടം പരിഹരിക്കാൻ സർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റ്.
സൗജന്യ യാത്രാ പദ്ധതി സംബന്ധിച്ച് കൂടുതൽ ചർച്ചകൾക്കായി ഗതാഗത മന്ത്രി സി.പി. ജോൺ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യതയും വരുമാനനഷ്ടവും വിശദമായി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.



