‘13ന് എന്താണ് കുഴപ്പം?’; അന്ധവിശ്വാസങ്ങളെ തള്ളി മന്ത്രി കെ.എം. ഷാജി

തിരുവനന്തപുരം: മന്ത്രിമാരുടെ ഔദ്യോഗിക വാഹന നമ്പറുകളെ ചുറ്റിപ്പറ്റിയ അന്ധവിശ്വാസ ചർച്ചകൾക്കിടെ, ആരും ഏറ്റെടുക്കാൻ തയാറാകാതിരുന്ന 13-ാം നമ്പർ സ്റ്റേറ്റ് കാർ ഏറ്റെടുത്ത് ശ്രദ്ധനേടിയിരിക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി.
13-ാം നമ്പർ വാഹനം “പാവമായി കിടക്കുന്നത്” കണ്ടതോടെയാണ് അത് ഏറ്റെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി. ടൂറിസം വകുപ്പാണ് മന്ത്രിമാർക്ക് ഔദ്യോഗിക വാഹനങ്ങൾ അനുവദിക്കുന്നത്. ആദ്യം അനുവദിച്ചിരുന്ന ഒൻപതാം നമ്പർ കാർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതിനെ തുടർന്ന് ഷാജി വിട്ടുകൊടുക്കുകയായിരുന്നു.
“13 എന്ന നമ്പറിനോട് എനിക്ക് യാതൊരു ഭയവുമില്ല. ലോകത്ത് എത്രയോ ആളുകൾ ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നുണ്ട്. അത് ഏതെങ്കിലും നമ്പറിന്റെ കാര്യമല്ല. ജീവിതത്തിൽ സുഖവും ദുഃഖവും വരും. അതിന് നമ്പറുകളുമായി ബന്ധമില്ല,” എന്ന് കെ.എം. ഷാജി പ്രതികരിച്ചു.
13-ാം നമ്പർ കാർ ഏറ്റെടുത്തത് ആരെയും വെല്ലുവിളിക്കാനല്ലെന്നും, ഇത് ഇത്രയും വാർത്താപ്രാധാന്യം നേടുമെന്ന് കരുതിയില്ലെന്നും മന്ത്രി പറഞ്ഞു. “13നെ ആരും അവഗണിക്കേണ്ട ആവശ്യമില്ല. ഞാൻ 13ന്റെ ആളാണ്. 13ന് എന്താണ് കുഴപ്പം?” എന്നും അദ്ദേഹം ചോദിച്ചു.
പുതിയ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ, പല മന്ത്രിമാരും 13-ാം നമ്പർ വാഹനം ഒഴിവാക്കാൻ ശ്രമിച്ചതോടെ കാർ അനുവദിക്കാതെ കിടക്കുകയായിരുന്നു. മുൻസർക്കാരുകളുടെ കാലത്തും 13-ാം നമ്പർ കാർ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു.
ഇതിനൊപ്പം തന്നെ, ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക്ഭവനോട് ചേർന്നുള്ള മൻമോഹൻ ബംഗ്ലാവിൽ താമസിച്ചാൽ കാലാവധി പൂർത്തിയാക്കാനാവില്ലെന്ന വിശ്വാസവും വീണ്ടും ചർച്ചയാകുന്നുണ്ട്. എന്നാൽ യുവമന്ത്രി ഒ.ജെ. ജനീഷ് ആ വസതി ഏറ്റെടുത്തതോടെ ആ അന്ധവിശ്വാസത്തെയും വെല്ലുവിളിച്ചിരിക്കുകയാണ്.



