സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; എപിഎൽ-ബിപിഎൽ വ്യത്യാസമില്ലെന്ന് മന്ത്രി സി പി ജോൺ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി നടപ്പാക്കുന്ന സൗജന്യ യാത്രാ പദ്ധതിയിൽ എല്ലാ സ്ത്രീകൾക്കും ആനുകൂല്യം ലഭിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ വ്യക്തമാക്കി. പദ്ധതിയിൽ എപിഎൽ-ബിപിഎൽ വ്യത്യാസമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭായോഗത്തിന് ശേഷം പദ്ധതിയുടെ വിശദാംശങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കൂടുതൽ വിവരങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. സൗജന്യ യാത്ര ഓർഡിനറി സർവീസുകളിൽ മാത്രമായി നടപ്പാക്കിയാൽ പ്രതിവർഷം ഏകദേശം 712 കോടി രൂപയുടെ ചെലവ് വരുമെന്നും ഈ തുക സർക്കാർ കെഎസ്ആർടിസിക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസി നിലവിൽ സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ പദ്ധതിയുടെ ചെലവ് സ്ഥാപനത്തിന്റെ വരുമാനത്തിൽ നിന്ന് വഹിക്കാൻ കഴിയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സൗജന്യ യാത്രയുടെ പേരിൽ കെഎസ്ആർടിസിക്ക് സാമ്പത്തിക ആശങ്ക വേണ്ടെന്നും നഷ്ടപരിഹാര സംവിധാനം പഠിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂൺ 15 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും പദ്ധതി പ്രാവർത്തികമാക്കിയ ശേഷമേ അതിന്റെ യഥാർത്ഥ ഫലങ്ങൾ വിലയിരുത്താൻ കഴിയുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. പദ്ധതി നടപ്പാക്കിയാൽ യാത്രക്കാരുടെ എണ്ണം വർധിക്കുമോയെന്നത് കാത്തിരുന്ന് കാണേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗജന്യ യാത്ര ഓർഡിനറി സർവീസുകളിൽ മാത്രമായിരിക്കുമെന്ന കാര്യം താൻ പറഞ്ഞിട്ടില്ലെന്നും ജൂൺ 10-ന് നടക്കുന്ന മന്ത്രിസഭായോഗത്തിന് ശേഷം പദ്ധതിയുടെ ബാക്കി വിശദാംശങ്ങൾ വ്യക്തമാക്കുമെന്നും സി പി ജോൺ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button