ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; ഏഴ് മക്കളുമായി കുടുംബത്തിന് ഇനി വലിയ വെല്ലുവിളി

സിഡ്നി: ജീവിതത്തിലെ ചില നിമിഷങ്ങൾ കുടുംബത്തിന്റെ ഭാവിയെ പൂർണമായും മാറ്റിമറിക്കും. അത്തരത്തിൽ ഓസ്ട്രേലിയൻ ദമ്പതികളുടെ ജീവിതത്തിലുണ്ടായ അത്തരമൊരു അനുഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഒരേസമയം നാല് പെൺകുഞ്ഞുങ്ങൾ ജനിച്ചതോടെയാണ് കുടുംബത്തിന്റെ സാഹചര്യങ്ങൾ മാറാൻ തുടങ്ങിയത്.
മൂന്ന് മക്കളുടെ മാതാപിതാക്കളായിരുന്ന ദമ്പതികൾക്കിടയിലേക്ക് നാല് കുഞ്ഞുങ്ങൾകൂടി കടന്നുവന്നതോടെ ആകെ കുട്ടികളുടെ എണ്ണം ഏഴായി. നാല് പെൺകുഞ്ഞുങ്ങളുടെ ഒന്നിച്ചുള്ള ജനനം കുടുംബത്തിന് സന്തോഷം നൽകിയെങ്കിലും ഇതോടൊപ്പം നിരവധി പ്രോയോഗിക വെല്ലുവിളും ഉയരാൻ തുടങ്ങി. പ്രത്യേകിച്ച്, കുടുംബത്തിലെ എല്ലാവർക്കും ഒന്നിച്ച് യാത്രചെയ്യാനായി നിലവിലുള്ള കാറിൽ മതിയായ സീറ്റുകൾ ഇല്ലാത്തതാണ് കുടുംബം നേരിടുന്ന വലിയ പ്രശ്നം.
ഏഴ് മക്കളുമായി നടത്തേണ്ടി വരുന്ന ആശുപത്രി സന്ദർശനങ്ങൾ, സ്കൂൾ യാത്രകൾ, കുടുംബസമേതമുള്ള യാത്രകൾ എന്നിവ സുഗമമാക്കുന്നതിനായി പത്ത് സീറ്റുകളുള്ള ഒരു വാൻ വാങ്ങാനായി ധനസമാഹരണം ആരംഭിച്ചിരിക്കുകയാണ് കുടുംബം. നാല് പെൺകുഞ്ഞുങ്ങളുടെ ജനനം ജീവിതത്തിലെ മറക്കാനാകാത്ത അനുഗ്രഹമാണെന്ന് മാതാപിതാക്കൾ പ്രതികരിച്ചു.
എന്നാൽ, ഇത്ര വലിയ കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഗണ്യമായ സാമ്പത്തിക ചെലവ് ആവശ്യമായി വരുന്നതായും അവർ പറഞ്ഞു. ഡയപ്പറുകൾ, കുഞ്ഞുങ്ങളുടെ ഭക്ഷണം, വസ്ത്രങ്ങൾ തുടങ്ങിയ ദൈനംദിന ചെലവുകൾക്ക് പുറമെ സുരക്ഷിതവും വിശാലവുമായ ഒരു വാഹനം വാങ്ങുകയെന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യമായി മാറിയിരിക്കുന്നത്.കുടുംബത്തിന്റെ സാഹചര്യം മനസിലാക്കിയ സുഹൃത്തുക്കളും പ്രദേശവാസികളും വിവിധ രീതികളിൽ സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. നിരവധിപേർ കുടുംബത്തിന് ആശംസകളും പിന്തുണയും അറിയിച്ച് മുന്നോട്ടുവരുന്നുണ്ട്.



