അളവിൽ കവിഞ്ഞ മദ്യശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി: വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടിൽ നിന്ന് അളവിൽ കവിഞ്ഞ മദ്യശേഖരം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ. എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസിലെത്തി അറസ്റ്റ് ചെയ്തത്. ശേഷം വൈദ്യ പരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
ആന്റോയെ വയനാട്ടിൽ എത്തിക്കുമെന്ന് എക്സൈസ് എസി അറിയിച്ചു. കോടതിയിൽ ഹാജരാക്കുമെന്നും നിലവിൽ ആന്റോ മാത്രമാണ് പ്രതിയെന്നും അദ്ദേഹം പറഞ്ഞു. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 55എ നിയമവിരുദ്ധമായ മദ്യം കടത്തും കൈവശം വയ്ക്കലുമാണ്. ഇതിന് 10 വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും ലഭിക്കാം. 55ഐ അനധികൃത മദ്യവിൽപനയോ അനധികൃതമായി വിൽപന നടത്താനായി സൂക്ഷിക്കുകയോ ചെയ്യുക എന്ന കുറ്റമാണ്.
58 നികുതി വെട്ടിച്ച് മദ്യം കൈവശം വയ്ക്കുന്ന കുറ്റമാണ്.വീട്ടിലെ പരിശോധനയ്ക്കിടെ വൈൻ അടക്കം വിലകൂടിയ 67.5 ലിറ്റർ വിദേശ നിർമിത മദ്യമാണ് കണ്ടെത്തിയത്. ലിറ്ററിന് 50000 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യം ഉൾപ്പെടെ പിടിച്ചെന്നാണ് വിവരം. എസ്ഐടി അംഗമായ വയനാട് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി പി.എൽ.ഷാജുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഇന്നലെ രാവിലെ ആറ് മണിക്ക് ആരംഭിച്ച പരിശോധന വൈകിട്ട് 6.15 വരെ നീണ്ടു. ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. ബന്ധുക്കളെന്ന് പറഞ്ഞെത്തിയവരെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല.



