‘മുതലാളിമാർക്ക് കൈമാറാനാണോ?’; തിരുവനന്തപുരം മൃഗശാല മാറ്റാനുള്ള നീക്കത്തിനെതിരെ സിപിഎം

തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദേശത്തിൽ എതിർപ്പുമായി സിപിഎം. മൃഗശാല മാറ്റാനുള്ള നീക്കത്തിന് പിന്നിൽ വാണിജ്യ ലക്ഷ്യമാണുള്ളത്. മുതലാളിമാർക്ക് മറിച്ചുകൊടുക്കാനുള്ള ശ്രമമുണ്ടോയെന്ന് പരിശോധിക്കണമെന്നും മുൻ എംഎൽഎ വി കെ പ്രശാന്ത് ആവശ്യപ്പെട്ടു.

ഒരു വർഷം 12 ലക്ഷത്തോളം സഞ്ചാരികളാണ് മൃഗശാല സന്ദ‌ർശിക്കാനായി എത്തുന്നത്. എട്ടുകോടി രൂപയുടെ വരുമാനം ലഭിക്കുന്നുണ്ട്. ഇത്രയും ആളുകൾ ആശ്രയിക്കുന്ന സ്ഥാപനത്തെ മാറ്റിസ്ഥാപിക്കണമെന്ന് പറയുന്നത് കൃത്യമായ വാണിജ്യ ലക്ഷ്യത്തോടെയാണ്. ഏതെങ്കിലും മുതലാളിമാർക്ക് മറിച്ചുകൊടുക്കാനുള്ള ഉദ്ദേശ്യമാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. തിരുവനന്തപുരം മൃഗശാല സംരക്ഷണമെന്നത് നമ്മുടെ എല്ലാവരുടെയും ആത്മാഭിമാനമാണ്. തിരുവനന്തപുരം മേയറും ഇതിനെ പിന്തുണയ്ക്കുകയാണ്.

അവിടെയുള്ള മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്ക് രോഗങ്ങൾ പകരുമെന്നാണ് അദ്ദേഹം പറയുന്നത്. കൃത്യമായ അജണ്ടയുടെ ഭാഗമായി തിരുവനന്തപുരത്തെ നശിപ്പിക്കാനുള്ള ശ്രമമാണിത്’- വി കെ പ്രശാന്ത് ആരോപിച്ചു.മൃഗശാല നെയ്യാർ പോലെയുള്ള വനമേഖലയോട് ചേർന്ന സ്ഥലത്തേയ്ക്ക് മാറ്റി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

‘റീഇമാജിനിങ് കേരളം’ എന്ന പരിപാടിയുടെ ഉദ്ഘാടന വേദിയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്തെ മൃഗശാല മൃഗങ്ങളോടുള്ള ക്രൂരത കൂടിയാണ്. അവർക്ക് അവരുടേതായ ഒരു വാസസ്ഥലമുണ്ട്. അവരുടെ വാസസ്ഥലവുമായി യോജിച്ച സ്ഥലത്തേക്ക് വേണം മൃഗശാല മാറ്റാനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button