‘കണ്ണുകൾ അടച്ചാലും വിമാനത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാം’; മോദിയോട് ക്യാപ്റ്റൻ സ്മിത്ത്

ന്യൂഡൽഹി: സഹപൈലറ്റിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ പോരാടിയ ഫ്ലൈ ദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്ക് മാരകമായി പരിക്കേറ്റെങ്കിലും യാത്രക്കാരെ അപകടത്തിലേക്ക് വിട്ടുകൊടുക്കാൻ കഴിയുമായിരുന്നില്ലെന്ന് മച്ചാർ പ്രധാനമന്ത്രിയോട് പറഞ്ഞു.

നിങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ് മരണത്തിനും ജീവിതത്തിനുമിടയിൽ പോരാടുകയായിരുന്നു. എന്നിട്ടും, നിങ്ങൾ നിങ്ങളുടെ ജീവൻ പരിഗണിച്ചില്ല, എല്ലാ യാത്രക്കാരുടെയും ജീവൻ പരിഗണിച്ചു. 140 കോടി ഇന്ത്യക്കാരുടെ അഭിമാനം നിങ്ങൾ ഉയർത്തി. ‘-ക്യാപ്റ്റൻ മച്ചാറിനോട് മോദി പറഞ്ഞു.’ഞാൻ 17 വർഷമായി വിമാനങ്ങൾ പറത്തുന്നു. കഴിഞ്ഞ 11 വർഷമായി ക്യാപ്റ്റനായി സേവനമനുഷ്ഠിക്കുന്നു. കണ്ണുകൾ അടച്ചിരിക്കുമ്പോൾ പോലും വിമാനത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് കൃത്യമായി മനസിലാക്കാൻ കഴിയും.

ആക്രമണത്തിൽ എനിക്ക് ഒരുപാട് മുറിവുകളുണ്ടായിരുന്നു, ഞാൻ താഴെ വീണുപോയി. പക്ഷേ ഞാൻ ഒന്നും ചെയ്തില്ലെങ്കിൽ യാത്രക്കാർ മരിക്കുമെന്ന് തിരിച്ചറിഞ്ഞ ഒരു നിമിഷം ഉണ്ടായിരുന്നു. വിമാനം കുത്തനെ താഴേക്ക് വീഴുന്നതായി എനിക്ക് അനുഭവപ്പെട്ടു, എങ്ങനെയോ കോക്ക്പിറ്റിന്റെ വാതിൽ തുറക്കാൻ കഴിഞ്ഞു’- നിറകണ്ണുകളോടെ മച്ചാർ പറഞ്ഞു.ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് എഫ്‌ഇസഡ് 1073 വിമാനത്തിലായിരുന്നു മച്ചാർ ആക്രമിക്കപ്പെട്ടത്. 170-ലധികം യാത്രക്കാരുമായി പറന്ന വിമാനം ഒമാൻ സ്വദേശിയായ സഹപൈലറ്റ് തകർക്കാൻ ശ്രമിക്കുകയായിരുന്നു.

ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് കുത്തേറ്റത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മച്ചാറിന് ആദ്യം സൗദിയിലാണ് ചികിത്സ നൽകിയത്. പിന്നീട് അദ്ദേഹത്തെ എയർ ലിഫ്റ്റ് ചെയ്ത് ദുബായിലേക്ക് മാറ്റുകയായിരുന്നു.ആക്രമണത്തിന് ശേഷം ശരീരത്തിൽ നിറയെ മുറിവുകളുമായി അവശനിലയിലുള്ള മച്ചാറിന്റെ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.

ഇന്ത്യക്കാരനായ പൈലറ്റിന്റെ ചെറുത്തുനില്പാണ് 170ഓളം യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ കാരണമായത്. മച്ചാറിന്റെ ധൈര്യത്തെയും സമയോചിതമായ ഇടപെടലിനെയും പ്രശംസിച്ച മോദി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും സംസാരിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അദ്ദേഹത്തിന്റെ ധൈര്യത്തെ അഭിനന്ദിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button