ബിജെപി നിയമസഭാ കക്ഷി നേതാവിനെ ചൊല്ലി തർക്കം മുരളീധരൻ-രാജീവ് പോര് ശക്തം

തിരുവനന്തപുരം: നിയമസഭയിൽ ആദ്യമായി മൂന്ന് അംഗങ്ങളുമായി സാന്നിധ്യമറിയിച്ച ബി.ജെ.പിയിൽ നിയമസഭാ കക്ഷി നേതൃസ്ഥാനം ചൊല്ലി തർക്കം രൂക്ഷമാകുന്നു. മുതിർന്ന നേതാവ് വി. മുരളീധരൻ നേതൃസ്ഥാനം ആവശ്യപ്പെട്ടതോടെയാണ് പാർട്ടിക്കുള്ളിലെ ചേരിതിരിവ് തുറന്നുകാട്ടപ്പെട്ടത്.

എന്നാൽ, നിയമസഭാ കക്ഷി നേതൃസ്ഥാനം വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടിലാണ് സംസ്ഥാന അധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖർ. വി. മുരളീധരൻ നേതാവായാൽ പാർട്ടിക്കുള്ളിൽ രണ്ട് അധികാരകേന്ദ്രങ്ങൾ രൂപപ്പെടുമെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തൽ.

അതേസമയം, പാർലമെന്ററി പ്രവർത്തനപരിചയം കൂടുതലുള്ള നേതാവായതിനാൽ നിയമസഭയിൽ മുരളീധരന്റെ നേതൃത്വം ഗുണകരമാകുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.

ഇതിനിടെ, തിരഞ്ഞെടുപ്പ് തോൽവിയെ ചൊല്ലിയും പാർട്ടിക്കുള്ളിൽ വിമർശനങ്ങൾ ശക്തമായി. മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, നേതാവ് ശോഭാ സുരേന്ദ്രൻ എന്നിവർക്കെതിരെ രാജീവ് ചന്ദ്രശേഖർ രൂക്ഷ വിമർശനം ഉന്നയിച്ചതായാണ് റിപ്പോർട്ട്.

“തിരഞ്ഞെടുപ്പ് സമയത്ത് മാത്രം മണ്ഡലത്തിൽ ഇറങ്ങിയാൽ പോര” എന്നായിരുന്നു അധ്യക്ഷന്റെ നിലപാട്. സ്ഥാനാർത്ഥി നിർണ്ണയം ഏകപക്ഷീയമായിരുന്നുവെന്നാണ് കെ. സുരേന്ദ്രനും വി. മുരളീധരനും ഉയർത്തുന്ന ആരോപണം.

മണ്ഡലം മാറിമാറി മത്സരിച്ചത് തിരിച്ചടിയായെന്ന രാജീവ് ചന്ദ്രശേഖറിന്റെ പരാമർശവും പാർട്ടിക്കുള്ളിലെ ഭിന്നതകൾക്ക് കൂടുതൽ ആക്കം കൂട്ടിയിരിക്കുകയാണ്. നിയമസഭയിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബി.ജെ.പിയിൽ ആഭ്യന്തര തർക്കങ്ങൾ പരസ്യമാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button