മുഖ്യമന്ത്രിയെ കാണാനെത്തിയ 79-കാരിയെ പൊലീസ് മർദിച്ചോ?; വർക്കല സ്വദേശിനിയുടെ ഗുരുതര പരാതി

വർക്കല: മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് പരാതി നൽകാനായി സെക്രട്ടേറിയറ്റിലെത്തിയ തനിക്കെതിരെ പൊലീസ് അതിക്രമം നടത്തിയതായി 79-കാരിയായ വയോധികയുടെ പരാതി. വർക്കല ഇടവ വെൺകുളം ചെമ്പകത്തിൽമൂട് കൽക്കൂട്ടംവിള വീട്ടിൽ ശാരദയാണ് ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

ഒരാഴ്ച മുൻപാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. അയൽവാസി കടമായി വാങ്ങിയ രണ്ടരലക്ഷം രൂപ തിരികെ നൽകിയില്ലെന്ന പരാതി മുഖ്യമന്ത്രിയെ നേരിൽ അറിയിക്കാനാണ് ശാരദ സെക്രട്ടേറിയറ്റിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട കേസ് ആയിരൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും നിലവിൽ കോടതി പരിഗണനയിലുമാണ്.

ആദ്യ ദിവസം പരാതി സ്വീകരിച്ച മുഖ്യമന്ത്രി രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും വരാൻ നിർദേശിച്ചിരുന്നുവെന്നാണ് ശാരദയുടെ വിശദീകരണം. എന്നാൽ പിന്നീട് എത്തിയപ്പോൾ സെക്രട്ടേറിയറ്റിലേക്ക് പ്രവേശനം നിഷേധിച്ചതായി അവർ ആരോപിച്ചു. വനിതാ പൊലീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അകത്തേക്ക് കടത്തിവിട്ടില്ലെന്നും മുഖ്യമന്ത്രിയെ കണ്ടശേഷം മാത്രമേ മടങ്ങുകയുള്ളൂവെന്ന് പറഞ്ഞതോടെ അഞ്ച് വനിതാ പൊലീസുകാരും മൂന്ന് സിവിൽ പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് ബലമായി ഉയർത്തി പൊലീസ് ജീപ്പിലേക്ക് മാറ്റിയെന്നുമാണ് പരാതി.

ഈ നടപടിക്കിടെ മുഖം ഇടിച്ച് വീഴുകയും കൈകൾക്കും കാലുകൾക്കും മുഖത്തും പരിക്കേൽക്കുകയും ചെയ്തതായി ശാരദ പറയുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് തന്നെ വിട്ടയച്ചതെന്നും ഇതിനിടെ പൊലീസുകാർ അനുനയശ്രമം നടത്തുകയും പണം വാഗ്ദാനം ചെയ്യുകയും ചെയ്തതായും അവർ ആരോപിച്ചു.

സംഭവത്തിന് പിന്നാലെ ശാരദ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി അധികൃതർ മുഖേന പൊലീസിന് മെഡിക്കൽ റിപ്പോർട്ട് കൈമാറിയതായും അറിയുന്നു.

അതേസമയം, ശാരദയുടെ ആരോപണങ്ങളിൽ പൊലീസിന്റെയോ സർക്കാർ വൃത്തങ്ങളുടെയോ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. അന്വേഷണം പൂർത്തിയാകുന്നതോടെ സംഭവത്തിന്റെ യഥാർത്ഥ സാഹചര്യം വ്യക്തമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button