ഇ.ഡി റെയ്ഡിനിടെ സുരക്ഷാ വീഴ്ചയില്ലെന്ന് ഡിജിപി; കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന ഇ.ഡി റെയ്ഡിനിടെ ഉണ്ടായ അക്രമ സംഭവങ്ങളിൽ പോലീസിന് സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

റെയ്ഡ് സംബന്ധിച്ച വിവരം കേന്ദ്ര ഏജൻസികൾ മുൻകൂട്ടി പോലീസിനെ അറിയിച്ചിരുന്നില്ലെന്നും വിവരം ലഭിച്ച ഉടൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നുവെന്നും ഡിജിപി വ്യക്തമാക്കി. റെയ്ഡ് നടന്ന സ്ഥലങ്ങളിലും പ്രതിഷേധം ശക്തമായ മേഖലകളിലുമായി 300-ലധികം പോലീസുകാരെ വിന്യസിച്ചിരുന്നുവെന്നും അക്രമം നടന്ന സ്ഥലത്ത് മാത്രം 50ഓളം പോലീസുകാർ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇ.ഡി റെയ്ഡ് ആരംഭിച്ചതിന് ശേഷമാണ് പോലീസിന് വിവരം ലഭിച്ചതെന്നും സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് കൂടുതൽ പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോലീസുകാരുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോ എന്നത് പ്രത്യേകം പരിശോധിക്കുമെന്നും ഡിജിപി വ്യക്തമാക്കി. അതേസമയം, എട്ട് മണിക്കൂർ നീണ്ട റെയ്ഡിന് ശേഷം ഇ.ഡി ഉദ്യോഗസ്ഥർ പുറത്തിറങ്ങിയപ്പോൾ പോലീസ് ഇരുവശത്തേക്കും മാറിനിന്നുവെന്നും അക്രമികളെ തടയാൻ ശ്രമിച്ചില്ലെന്നുമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഇന്നലെ എഡിജിപി സുരക്ഷാ വീഴ്ച ഉണ്ടായതായി സമ്മതിച്ച സാഹചര്യത്തിലാണ് ഇന്ന് ഡിജിപി സുരക്ഷാ വീഴ്ചയില്ലെന്ന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വിഷയത്തിൽ പൊലീസിന്റെ വ്യത്യസ്ത വിശദീകരണങ്ങൾ പുറത്തുവരുന്നതും ശ്രദ്ധേയമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button