സൈബർ ആക്രമണങ്ങൾ വേദനിപ്പിക്കുന്നു; അച്ഛന്റെ രാഷ്ട്രീയം കരിയറിനെ ബാധിച്ചുവെന്ന് മാധവ് സുരേഷ്

തിരുവനന്തപുരം: തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് നടൻ Madhav Suresh. താൻ അഭിനയിച്ച ‘അങ്കം അട്ടഹാസം’ സിനിമയെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ ഹേറ്റ് ക്യാംപെയ്ൻ നടക്കുകയാണെന്നും, പിതാവും കേന്ദ്രമന്ത്രിയുമായ Suresh Gopiയുടെ രാഷ്ട്രീയം തന്നെയാണോ ഇതിന് പിന്നിലെ കാരണമെന്ന് അറിയില്ലെന്നും മാധവ് പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
“എന്റെ സിനിമയെ മാത്രമല്ല, നിരവധി പേരുടെ പ്രയത്‌നഫലമായ സിനിമകളെ പോലും ഒരു കാരണവുമില്ലാതെ അവഹേളിക്കുകയാണ്. നെഗറ്റീവും പോസിറ്റീവും പറയാം. പക്ഷേ പൂർണമായി അടിച്ചമർത്തുന്നത് ശരിയല്ല,” എന്ന് മാധവ് പറഞ്ഞു.
താൻ ഇപ്പോഴും സിനിമാരംഗത്ത് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും, വലിയ നടനാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എന്നെ വിമർശിക്കുന്നത് മാത്രമല്ല, സ്വന്തം പണം മുടക്കി സിനിമ നിർമ്മിച്ച പ്രൊഡ്യൂസറെയും സംവിധായകനെയും കൂടിയാണ് ഇത്തരം ആക്രമണങ്ങൾ ബാധിക്കുന്നത്,” എന്നും മാധവ് പറഞ്ഞു.
സോഷ്യൽ മീഡിയ കമന്റുകളിൽ കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുന്ന സാഹചര്യമുണ്ടെന്ന് പറഞ്ഞ മാധവ്, തനിക്കൊരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക താൽപര്യമില്ലെന്നും വ്യക്തമാക്കി. “നല്ല വ്യക്തികൾ ഏത് പാർട്ടിയിലായാലും ഞാൻ പിന്തുണക്കും. എനിക്ക് എന്റെ സംസ്ഥാനവും രാജ്യവുമാണ് വലുത്,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അച്ഛന്റെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി തന്നെ ആക്രമിക്കാൻ തുടങ്ങിയതോടെ അത് തന്റെ കരിയറിനെയും ബാധിച്ചുവെന്നും, “ജോലി ചെയ്ത് മാന്യമായി ജീവിക്കാനാണ് ആഗ്രഹം. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല” എന്നും മാധവ് സുരേഷ് പറഞ്ഞു.



