കെ.ബി. ഗണേശ് കുമാറിനെതിരെ സിപിഐയിൽ രൂക്ഷ വിമർശനം; തിരഞ്ഞെടുപ്പ് തോൽവി സ്വയം വരുത്തിവെച്ചതെന്ന് വിലയിരുത്തൽ

കൊല്ലം: മുൻ മന്ത്രി കെ.ബി. ഗണേശ് കുമാറിനെതിരെ കുന്നിക്കോട് സിപിഐ ഏരിയ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് തോൽവി സ്വയം വരുത്തിവെച്ചതാണെന്നും മന്ത്രിയായിരിക്കെ നടത്തിയ ചില പരാമർശങ്ങളും നിലപാടുകളും എൽഡിഎഫിന് തിരിച്ചടിയായെന്നും യോഗം വിലയിരുത്തി.

മന്ത്രിയായിരുന്ന സമയത്ത് എന്തും എങ്ങനെയും വിളിച്ചുപറയാമെന്ന സമീപനമാണ് ഗണേശ് കുമാർ സ്വീകരിച്ചതെന്ന് അംഗങ്ങൾ വിമർശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഉൾപ്പെടെ പല കാര്യങ്ങളും മുന്നണി ഘടകങ്ങളുമായി കൂടിയാലോചന നടത്താതെയായിരുന്നുവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ചും എൻഎസ്‌എസ് അംഗങ്ങളെക്കുറിച്ചും ഗണേശ് കുമാർ നടത്തിയ പരാമർശങ്ങൾ ചില വിഭാഗങ്ങളെ എൽഡിഎഫിൽ നിന്ന് അകറ്റിയതായി യോഗം വിലയിരുത്തി. മാധ്യമങ്ങളോട് നടത്തിയ ചില പ്രതികരണങ്ങളും വിപരീത ഫലമാണ് സൃഷ്ടിച്ചതെന്നും വിമർശനം ഉയർന്നു.

അതേസമയം, യുഡിഎഫിന് ബിജെപി–എസ്‌ഡിപിഐ കൂട്ടുകെട്ടിലൂടെ അധിക വോട്ടുകൾ നേടാനായതും എൽഡിഎഫിന്റെ പരാജയത്തിന് കാരണമായതായി യോഗം ചൂണ്ടിക്കാട്ടി. ഗണേശ് കുമാറിന്റെയും എൽഡിഎഫ് നേതൃത്വത്തിന്റെയും അമിത ആത്മവിശ്വാസം, വിജയസാധ്യതയെക്കുറിച്ച് കീഴ്ഘടകങ്ങൾ നൽകിയ തെറ്റായ വിലയിരുത്തലുകൾ, പ്രവർത്തനത്തിലെ അലസത, പണക്കൊഴുപ്പ് എന്നിവയും തോൽവിയിലേക്ക് നയിച്ച ഘടകങ്ങളായി യോഗം വിലയിരുത്തി.

കുന്നിക്കോട് ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള നാല് പഞ്ചായത്തുകളിലെ ഒൻപത് ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള മുപ്പതോളം അംഗങ്ങളാണ് ചർച്ചയിൽ പങ്കെടുത്തത്. തിരഞ്ഞെടുപ്പ് ഫലവും പരാജയകാരണങ്ങളും വിശദമായി യോഗത്തിൽ വിലയിരുത്തിയതായാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button