കേരഫെഡിൽ എം.ഡി നിയമന വിവാദം; തസ്തിക കരാർ നിയമനമാക്കാൻ നീക്കമെന്ന ആക്ഷേപം

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ സഹകരണ സ്ഥാപനങ്ങളിലൊന്നായ കേരഫെഡിൽ മാനേജിംഗ് ഡയറക്ടർ (എം.ഡി) നിയമനവുമായി ബന്ധപ്പെട്ട് വിവാദം ശക്തമാകുന്നു. നിലവിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ വഹിക്കുന്ന എം.ഡി തസ്തികയുടെ സ്വഭാവം മാറ്റി കരാർ നിയമനത്തിന് വഴിയൊരുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്. ചില താൽപര്യ ഗ്രൂപ്പുകളുടെയും ലോബികളുടെയും സമ്മർദ്ദമാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്.

300 കോടി രൂപയിലധികം വാർഷിക വിറ്റുവരവുള്ള കേരഫെഡിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ്. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ പ്രൊഫഷണൽ മേൽനോട്ടവും ഭരണപരമായ നിയന്ത്രണവും ഉറപ്പാക്കുന്നതിനാണ് സർക്കാർ ഉദ്യോഗസ്ഥരെ എം.ഡി സ്ഥാനത്തേക്ക് നിയമിച്ചുവരുന്നത് മുൻ സർക്കാർ കാലത്ത് നിയമിതനായ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കേരഫെഡ് സാമ്പത്തികമായി വലിയ മുന്നേറ്റം കൈവരിച്ചുവെന്നാണ് വിലയിരുത്തൽ.

നഷ്ടത്തിലായിരുന്ന സ്ഥാപനം ലാഭത്തിലേക്ക് തിരിച്ചെത്തിയതായും ഭരണപരമായ ക്രമക്കേടുകൾ കണ്ടെത്തി നടപടികൾ സ്വീകരിച്ചതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിന് പിന്നാലെ ഉണ്ടായ ഭരണപരമായ നീക്കങ്ങളും സ്ഥലംമാറ്റങ്ങളും അന്ന് ചർച്ചയായിരുന്നു. തുടർന്ന് സ്ഥാപനത്തിന്റെ ഭരണപരമായ സ്വതന്ത്രതയും സുതാര്യതയും ഉറപ്പാക്കുന്നതിനായി ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ എം.ഡിയായി നിയമിച്ചിരുന്നു.

എന്നാൽ പുതിയ നിയമനവുമായി ബന്ധപ്പെട്ട് തസ്തികയുടെ സ്വഭാവത്തിൽ മാറ്റം വരുത്തി കരാർ നിയമനത്തിന് അവസരമൊരുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായാണ് ആരോപണം.കഴിഞ്ഞ വർഷങ്ങളിൽ കൊപ്ര സംഭരണവും വാങ്ങൽ നടപടികളുമായി ബന്ധപ്പെട്ട് കേരഫെഡ് വിവാദങ്ങളിൽപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ വ്യാപാര-രാഷ്ട്രീയ ലോബികൾ സ്ഥാപനത്തിന്റെ നയപരമായ തീരുമാനങ്ങളിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങളും വീണ്ടും ഉയരുന്നുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button