കൊച്ചാലുംമൂട് എസ്.എസ്.എം ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

തിരുവനന്തപുരം : ജൂൺ 5-ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ കൊച്ചാലുംമൂട് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ജി മാഹിൻ അബൂബക്കർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന പ്രസംഗത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, ജലസ്രോതസുകളുടെ ക്ഷയം തുടങ്ങിയ വെല്ലുവിളികൾ മനുഷ്യരാശി നേരിടുന്ന ഈ സാഹചര്യത്തിൽ പരിസ്ഥിതിയെ സംരക്ഷിക്കുക ഓരോരുത്തരുടെയും കടമയാണെന്ന് മാഹീൻ അബൂബക്കർ ചൂണ്ടിക്കാട്ടി.
ഒരു വൃക്ഷം നട്ടുപിടിപ്പിക്കുന്നത് പ്രകൃതിയോടുള്ള സ്നേഹത്തിന്റെ പ്രതീകവും ഭാവിതലമുറകൾക്കുള്ള വിലപ്പെട്ട സംഭാവനയുമാണെന്നും പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനും പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ടതിന്റെ സന്ദേശം പകരുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. ഓരോ വിദ്യാർത്ഥിയും കുറഞ്ഞത് ഒരു വൃക്ഷമെങ്കിലും നട്ടുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, ബോധവത്കരണ സന്ദേശങ്ങൾ എന്നിവയോടെയാണ് പരിപാടി സമാപിച്ചത്.പ്രിൻസിപ്പൽ ഇൻചാർജ് ജീന ടീച്ചർ, സുനിത ടീച്ചർ, വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും പരിപാടിയിൽ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ കാട്ടിയ സജീവ പങ്കാളിത്തം സമൂഹത്തിന് മാതൃകയാണെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു



