തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം; ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ടു

തിരുവനന്തപുരം: തലസ്ഥാനത്തെ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ ഇന്നലെ രാത്രി കല്ലേറുണ്ടായി. ഇന്ന് രാവിലെ ഓഫീസ് തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് മുൻവശത്തെ ചില്ലുകൾ കല്ലേറിൽ തകർന്നനിലയിൽ കണ്ടത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ബിജെപിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾക്കുനേരെ കരിങ്കൊടി പ്രതിഷേധം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്നലെ രാത്രി ഡിസിസി ഓഫീസിൽ കല്ലേറ് നടന്നതെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്.
നെയ്യാറ്റിൻകര പാലിയോട് ജംഗ്ഷനിലെ ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിലും അജ്ഞാതർ തീയിട്ടു. കെട്ടിടവും ഇവിടെയുണ്ടായിരുന്ന ഫ്ലക്സ് ബോർഡുകളും കത്തിനശിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. നാട്ടുകാർ സമയോചിതമായി ഇടപെട്ട് തീയണച്ചു. കഴിഞ്ഞ ദിവസം ഇവിടെ ബിജെപി – യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. കായിക മന്ത്രി ഒ ജെ ജനീഷിനെ യുവമോർച്ച പ്രവർത്തകർ വഴിയിൽ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്



