കൊക്രോച്ച് ജനതാ പാർട്ടി; മനുഷ്യച്ചങ്ങല ആഹ്വാനം, മുന്നറിയിപ്പുമായി കർണാടക പൊലീസ്

ബെംഗളൂരു: ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ പേരിൽ ബെംഗളൂരുവിൽ മനുഷ്യച്ചങ്ങലക്ക് ആഹ്വാനം ചെയ്തതിനെ തുടർന്ന് കർണാടക പൊലീസ് മുന്നറിയിപ്പുമായി രംഗത്തെത്തി. നിയമവിരുദ്ധ കൂട്ടായ്മകളിൽ പങ്കെടുക്കരുതെന്നും, നിർദ്ദേശം ലംഘിക്കുന്നവർക്ക് നടപടി നേരിടേണ്ടിവരുമെന്നും പൊലീസ് വ്യക്തമാക്കി.

സാമൂഹിക മാധ്യമ പേജിലൂടെയാണ് മറ്റന്നാൾ ബെംഗളൂരു ടൗൺഹാൾ പരിസരത്ത് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന് അറിയിപ്പ് പുറത്ത് വന്നത്. ഇതേത്തുടർന്ന്, Karnataka Police സുരക്ഷാ മുന്നറിയിപ്പ് നൽകി.

ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഫ്രീഡം പാർക്കിൽ മാത്രമേ പ്രതിഷേധങ്ങൾക്ക് അനുമതിയുള്ളൂവെന്നും, അതിനപ്പുറമുള്ള പൊതുയിടങ്ങളിലെ സമരങ്ങൾ അനുവദിക്കാനാവില്ലെന്നും പൊലീസ് അറിയിച്ചു. കൂടാതെ, ‘CJP Karnataka’ എന്ന പേരിലുള്ള സാമൂഹിക മാധ്യമ പേജുകൾ പ്രചരിപ്പിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

ഇതിനിടെ, കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് വധഭീഷണിയുണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു. സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുവെന്നും, ചില സന്ദേശങ്ങൾ വീഡിയോ രൂപത്തിലും എത്തിയതായും അദ്ദേഹം ആരോപിച്ചു. “അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും” എന്ന തരത്തിലുള്ള സന്ദേശങ്ങളും ലഭിച്ചതായി അദ്ദേഹം പങ്കുവെച്ചു.

ഭീഷണി സന്ദേശങ്ങൾ സംബന്ധിച്ച ആശങ്ക കുടുംബാംഗങ്ങളും പങ്കുവെച്ചിട്ടുണ്ട്. വിഷയത്തിൽ കേന്ദ്രസർക്കാരിനെ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന പേരിലുള്ള സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകാമെന്ന വിലയിരുത്തലും ഉയർന്നിട്ടുണ്ട്. അരാജകത്വം സൃഷ്ടിച്ച് ജനാധിപത്യം തകർക്കാൻ ശ്രമം നടക്കില്ലെന്ന് രാഷ്ട്രീയ പ്രതികരണങ്ങളും പുറത്തുവന്നു.

മധ്യപ്രദേശ് സ്വദേശിയായ അഭിജിത് ദീപ്കെ നിലവിൽ ബോസ്റ്റൺ സർവകലാശാലയിലെ വിദ്യാർത്ഥിയാണെന്നാണ് വിവരം. സാമൂഹിക മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും തുടർച്ചയായി ഭീഷണികൾ ലഭിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button