ഹാലൻഡിന്റെ ചിത്രം പതിച്ച പാക്കറ്റുകളിൽ കൊക്കെയ്ൻ; 469 കിലോ ലഹരിമരുന്ന് പിടികൂടി

കൊളംബിയ: കൊളംബിയൻ അതിർത്തിക്ക് സമീപം ട്രക്കിൽ കടത്തുകയായിരുന്ന വൻ കൊക്കെയ്ൻ ശേഖരം ഇക്വഡോർ പൊലീസ് പിടികൂടി. 2026 ഫുട്ബോൾ ലോകകപ്പിലെ സെൻസേഷണൽ താരമായിരുന്ന നോർവേയുടെ എർലിംഗ് ഹാലൻഡിന്റെ ചിത്രങ്ങൾ പതിച്ച പാക്കറ്റുകളിലാണ് കൊക്കെയ്ൻ ഒളിപ്പിച്ചിരുന്നത്.
ട്രക്ക് ഡ്രൈവറായ കൊളംബിയൻ സ്വദേശിനി മരിയയെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനത്തിൽ പ്രത്യേകമായി നിർമിച്ച രഹസ്യ അടിത്തട്ടിൽ ഒളിപ്പിച്ചിരുന്ന 370 പാക്കറ്റുകളിലായി 469 കിലോഗ്രാം കൊക്കെയ്ൻ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ദശലക്ഷക്കണക്കിന് ഡോളർ വിലവരുമെന്നും അധികൃതർ വ്യക്തമാക്കി.
ലഹരിമരുന്ന് കടത്തുസംഘങ്ങൾ തങ്ങളുടെ നെറ്റ്‌വർക്കുകളെയും ഉപഭോക്താക്കളെയും തിരിച്ചറിയുന്നതിനായി പ്രശസ്ത കായിക താരങ്ങളുടെയും പ്രമുഖരുടെയും ചിത്രങ്ങളും ലോഗോകളും ഉപയോഗിക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. മുൻപും ലയണൽ മെസിയുടെ ചിത്രം പതിച്ച പാക്കറ്റുകളിൽ ലഹരിമരുന്ന് കണ്ടെത്തിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.



