ഖർഗെയുടെ ജാതി അധിക്ഷേപ പരാതി; രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്

ദില്ലി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ജാതി അധിക്ഷേപം നേരിട്ടെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പരാതിയിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ ഇന്ന് വൈകീട്ട് രാജ്യവ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. അതേസമയം, ഖർഗെയുടെ ആരോപണങ്ങൾ ബിജെപിയും പരിശോധിച്ചുവരികയാണ്. ആരോപണം നേരിടുന്ന ശ്രീരാം സേനയുമായി ബിജെപിക്ക് ബന്ധമില്ലെന്നാണ് ഉത്തരാഖണ്ഡ് ബിജെപിയുടെ നിലപാട്.
ഖർഗെ പ്രസംഗിച്ച വേദി ശ്രീരാം സേന പ്രവർത്തകർ ശുദ്ധീകരിച്ചെന്നാണ് പരാതി. സാംസ്കാരിക, ആധ്യാത്മിക പരിപാടികൾക്കായി മാത്രം ഉപയോഗിക്കുന്ന വേദിയിൽ രാഷ്ട്രീയ പരിപാടി നടത്തിയതിനാലാണ് ശുദ്ധീകരണം നടത്തിയതെന്നാണ് സംഘടനയുടെ വിശദീകരണം.
വർഷകാല സമ്മേളനത്തിന്റെ അവസാന ദിനം രാജ്യസഭയിൽ വിഷയം ഉന്നയിച്ച ഖർഗെ, ദളിതനായതുകൊണ്ടാണ് തനിക്ക് വിവേചനം നേരിടേണ്ടി വന്നതെന്നും രാജ്യത്ത് തൊട്ടുകൂടായ്മ ഇപ്പോഴും നിലനിൽക്കുന്നുവെന്നും ആരോപിച്ചു. കഴിഞ്ഞ ശനിയാഴ്ച കോൺഗ്രസ് റാലിയിൽ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെ ബിജെപി-സംഘപരിവാർ പ്രവർത്തകർ വേദി ശുദ്ധീകരിച്ചെന്നാണ് ഖർഗെയുടെ പരാതി.



