ബി ജെ പി നേതാവുമായ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും മുൻകൂർ ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം: നടനും ബി ജെ പി നേതാവുമായ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്. ഹർജി വെള്ളിയാഴ്ച പരിഗണിക്കും.

ദിയയുടെ ‘ഒ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിൽ കൃഷ്ണകുമാറിനും ദിയ കൃഷ്ണയ്ക്കുമെതിരെ മ്യൂസിയം പൊലീസ് നേരത്തെ കേസെടുത്തിരുന്നു. സാമ്പത്തിക തട്ടിപ്പ് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് ജീവനക്കാരെ തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി പണം കവർന്നെന്നാണ് പരാതി.’മൂന്ന് കാറിലായി ഞങ്ങളെ കയറ്റി സിസിടിവി ക്യാമറ ഇല്ലാത്ത വേറെ ഒരു ഓഫീസിൽ കൊണ്ടുപോയി. അവിടെ പത്തോളം പേർ ഉണ്ടായിരുന്നു.

ഞങ്ങളുടെ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. ഞങ്ങൾക്കെതിരെ വധഭീഷണി വരെ ദിയ മുഴക്കി. പൊലീസ് ആണെന്ന് പറഞ്ഞ് ഒരാൾ വന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ദിയയുടെ ഡെലിവറിക്ക് ശേഷം ജോലിയിൽ നിന്ന് ഇറങ്ങാനാണ് നിന്നത്. പക്ഷേ ഒരു പ്രത്യേക തരം സ്വഭാവമാണ് ദിയയ്ക്ക്. എല്ലാ കാര്യത്തിനും ഞങ്ങളുടെ വീട്ടുകാരെ വലിച്ചിഴയ്ക്കുമായിരുന്നു. ജാതിയുടെ പേര് പറഞ്ഞ് അധിക്ഷേപിച്ചതിനാൽ ജോലിയിൽ നിന്ന് ഇറങ്ങാൻ തീരുമാനിക്കുകയായിരുന്നു.മേയ് 30-ാം തീയതി ഞങ്ങൾ മൂന്നുപേരെയും ഒരു റൂമിൽ ദിയയും കുടുംബവും പൂട്ടിയിട്ടു.

എന്നിട്ട് ഞങ്ങളുടെ ഭർത്താക്കന്മാരോട് പണം കൊണ്ട് വരാൻ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് സ്വർണം പണയം വച്ച് എട്ട് ലക്ഷം രൂപ നൽകുന്നത്. ദിയയാണ് ഞങ്ങളുടെ അക്കൗണ്ടിൽ പണം വാങ്ങാൻ പറഞ്ഞത്. ശേഷം അത് ദിയയ്ക്ക് എടുത്ത് കൊടുക്കാറാണ് പതിവ്. നികുതി പ്രശ്നം മൂലമാണ് ഇങ്ങനെ ചെയ്തത്. ഞങ്ങൾ ജോലി നിർത്തിയപ്പോഴാണ് ഇത്തരം ഒരു പ്രശ്നവുമായി ദിയ വരുന്നത്. ഒരു വർഷമായി ഞങ്ങൾ ജോലി ചെയ്തപ്പോൾ ഈ പ്രശ്നം ദിയയ്ക്ക് ഇല്ലായിരുന്നു’- എന്നാണ് പരാതിക്കാരായ വനിതാ ജീവനക്കാർ ആരോപിച്ചത്.സ്ഥാപനത്തിലെ ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കൃഷ്ണകുമാർ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ്, ജീവനക്കാർക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും ദിയയ്ക്കുമെതിരെ ജീവനക്കാർ പരാതി നൽകിയത്. എന്നാൽ പരാതി വ്യാജമാണെന്നാണ് കൃഷ്ണകുമാർ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *