മകളുടെ സ്ഥാപനം വഴി പ്രതിഫലം ലഭിച്ചിട്ടില്ല; ഹൈക്കോടതിയില്‍ മുഖ്യമന്ത്രി

കൊച്ചി: മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ സിഎംആര്‍എലിനെയോ മറ്റേതെങ്കിലും സ്ഥാപനത്തെയോ താന്‍ സ്വാധീനിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎംആര്‍എല്ലില്‍ നിന്നും മാസപ്പടി വാങ്ങിയെന്ന ആരോപണത്തിന്മേല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജി ലക്ഷ്യവയ്ക്കുന്നത് രാഷ്ട്രീയ ആക്രമണമാണെന്നും പൊതുതാത്പര്യത്തിന്റെ പരിധിയില്‍ വരില്ലെന്നും മുഖ്യമന്ത്രി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു വാണിജ്യ കരാറിനെ മാത്രം അടിസ്ഥാനമാക്കി തന്നെയും മകളെയും ലാക്കാക്കി വ്യക്തിപരവും രാഷ്ട്രീയവുമായ ലക്ഷ്യത്തോടെയുള്ളതാണ് ഹര്‍ജിയെന്ന് മുഖ്യമന്ത്രി സത്യവാങ്മൂലത്തില്‍ പറയുന്നു. പൊതുതാല്‍പ്പര്യമെന്ന ഉദ്ദേശശുദ്ധി ഹര്‍ജിക്കില്ല. ഹര്‍ജിക്കാരനായ മാധ്യമപ്രവര്‍ത്തകന്‍ എം ആര്‍ അജയന് കേസുമായി ബന്ധപ്പെട്ട് നേരിട്ട് വിവരങ്ങളൊന്നുമില്ല. ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിന്റെ മാത്രം അടിസ്ഥാനത്തിലാണ് ഹര്‍ജി. തന്നെയും തന്റെ മകളെയും ടാര്‍ഗറ്റ് ചെയ്യുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

പബ്ലിസിറ്റി താല്‍പര്യത്തോടു കൂടിയ ഹര്‍ജിയാണിത്. പൊതുവായ ഒരു നന്മയ്ക്കു വേണ്ടിയുള്ളതല്ല. മകളുടെ സ്ഥാപനം വഴി തനിക്ക് നേരിട്ടോ അല്ലാതെയോ പ്രതിഫലം ലഭിച്ചിട്ടില്ല. സിഎംആര്‍എലില്‍ നിന്നു ഫണ്ട് എക്‌സാലോജിക് വഴി തനിക്ക് നല്‍കിയെന്നത് വസ്തുതകളും തെളിവില്ലാതെയുമുള്ള ആരോപണമാണ്. സിഎംആര്‍എലില്‍ നിന്നു കൈക്കൂലി സ്വീകരിക്കാനുള്ള ബെനാമി കമ്പനിയാണ് എക്‌സാലോജിക് എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. എക്‌സാലോജിക്കും സിഎംആര്‍എല്ലുമായുള്ള എല്ലാ ഇടപാടുകളും ബാങ്ക് വഴിയാണ്. സ്വകാര്യ കരാറില്‍ തനിക്കു പങ്കില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *