കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡിലെ പണം തട്ടിയ ബിജെപി ബ്ലോക്ക് പഞ്ചായത്തംഗവും സുഹൃത്തും അറസ്റ്റില്‍

സുജന്യ ഗോപിയെ ബിജെപി പുറത്താക്കി

കളഞ്ഞുകിട്ടയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ സംഭവത്തില്‍ അറസ്റ്റിലായ ബിജെപി നേതാവിനെതിരെ നടപടിയെടുത്ത് ബിജെപി നേതൃത്വം. സുജന്യ ഗോപിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തിരുവന്‍ണ്ടൂര്‍ ഡിവിഷന്‍ അംഗത്വവും സുജന്യ ഗോപി രാജിവെച്ചു. നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് സുജന്യ ബ്ലോക്ക് പഞ്ചായത്തംഗത്വം രാജിവെച്ചത്. പണം തട്ടിയ സംഭവത്തില്‍ സുജന്യയും സുഹൃത്തും അറസ്റ്റിലായതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.
സിസിടിവി ദൃശ്യങ്ങളാണ് ബിജെപി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനെയും സുഹൃത്തിനെയും കുടുക്കിയത്. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ അംഗം സുജന്യ ഗോപിയും സുഹൃത്തും ഓട്ടോഡ്രൈവറുമായ സലീഷുമാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവിന്റെ പേഴ്‌സ് റോഡില്‍ നഷ്ടമായത്. ഇത് ഓട്ടോ ഡ്രൈവറായ സലീഷിന് ലഭിച്ചു.
പരിശോധിച്ചപ്പോള്‍ എടിഎം കാര്‍ഡിന്റെ കവറിനുള്ളില്‍ നിന്നു പിന്‍ നമ്പര്‍ കിട്ടി. വിവരം ഇയാള്‍ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ അംഗവും സുഹൃത്തുമായ സുജന്യയോട് പറഞ്ഞു. തുടര്‍ന്ന് ഞായറാഴ്ച്ച രാവിലെ ഇരുവരും ചേര്‍ന്ന് ചെങ്ങന്നൂരിന്റെ പരിസര പ്രദേശങ്ങളിലുള്ള വിവിധ എടിഎം കൗണ്ടറുകളില്‍ നിന്നും 25000 രൂപ പിന്‍വലിച്ചു.
പണം പിന്‍വലിച്ച മെസേജ് മൊബൈലില്‍ വന്നതിനു പിന്നാലെ കാര്‍ഡ് ഉടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് എടിഎം കൗണ്ടറുകളിലെയും പരിസരത്തെ കടകളിലെയും സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. ഇതോടെയാണ് സുജന്യയുടെയും സലീഷിന്റെയും ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് ഇരുവരെയും പിടികൂടി. നഷ്ടമായ പേഴ്‌സ് കല്ലിശേരിയിലെ റെയില്‍വേ മേല്‍പാലത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button