മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ; ചമ്പക്കുളം മൂലം വള്ളംകളി അവധി വിഷയത്തിൽ കുട്ടനാട്ടിൽ പ്രതിഷേധം കനക്കും

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വിവാദ പരാമർശം കുട്ടനാട്ടിൽ പ്രതിഷേധത്തിന് വഴിവെച്ചു. വള്ളംകളി നടക്കുന്ന തിങ്കളാഴ്ച കുട്ടനാടിന് പ്രാദേശിക അവധി നൽകണമെന്ന ആവശ്യം നിയമസഭയിൽ ഉയർന്നതിനു പിന്നാലെ മുഖ്യമന്ത്രിയുടെ പ്രതികരണമാണ് ഇപ്പോൾ രാഷ്ട്രീയ ചർച്ചയാകുന്നത്.
കുട്ടനാട് എംഎൽഎ റെജി ചെറിയാൻ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനിൽ, മൂലം വള്ളംകളി ദിനത്തിൽ പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. വിഷയം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി സഭയിൽ ഉറപ്പുനൽകിയിരുന്നു. എന്നാൽ മൈക്ക് ഓഫാണെന്ന് കരുതി “ഒരുകാരണവശാലും അവധി കൊടുക്കില്ല” എന്ന് മുഖ്യമന്ത്രി പറഞ്ഞതായി പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളാണ് വിവാദത്തിന് തുടക്കമായത്.
മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ ചമ്പക്കുളത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ‘മൂലം ജലോത്സവം ഫാൻസ് ക്ലബ്’ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചാണ് പ്രതിഷേധക്കാർ അമർഷം രേഖപ്പെടുത്തിയത്.
നിയമസഭയിൽ അനുകൂല നിലപാട് പ്രകടിപ്പിച്ച ശേഷം അതിന് വിരുദ്ധമായ പരാമർശം നടത്തിയത് ജനങ്ങളെ വഞ്ചിക്കുന്ന നടപടിയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. കുട്ടനാടിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ മൂലം വള്ളംകളിക്ക് അവധി നൽകണമെന്ന ആവശ്യം ഏറെക്കാലമായി നിലനിൽക്കുന്നതാണെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
സഭയിൽ ലഭിച്ച അനുകൂല മറുപടിയിൽ പ്രതീക്ഷ പുലർത്തിയിരുന്ന നാട്ടുകാർക്ക് മുഖ്യമന്ത്രിയുടെ പരാമർശം നിരാശയുണ്ടാക്കിയിരിക്കുകയാണ്. ഇതോടെ അവധി വിഷയത്തെ ചൊല്ലിയുള്ള പ്രതിഷേധം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ



