ബിജെപി കൗൺസിലർ ആർ സുഗതനെ കാണാനില്ലെന്ന് സിപിഎം; ഡിവിഷനിൽ ഫ്ലെക്സുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ഡിവിഷനിലെ ബിജെപി കൗൺസിലർ ആർ സുഗതനെ കാണാനില്ലെന്ന് ആരോപിച്ച് സിപിഎം രംഗത്ത്. കഴിഞ്ഞ ഒരു മാസമായി കൗൺസിലർ ഒളിവിലാണെന്നാണ് പൊലീസും വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെ “കൗൺസിലറെ കാണാനില്ല” എന്ന സന്ദേശവുമായി ഡിവൈഎഫ്ഐ ഡിവിഷനിലെ വിവിധ ഭാഗങ്ങളിൽ ഫ്ലെക്സുകൾ സ്ഥാപിച്ചു.

കഴിഞ്ഞ മാസം വട്ടിയൂർക്കാവ് വെള്ളൈക്കടവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് ആർ സുഗതനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ഒന്നാം പ്രതിയാണ് സുഗതൻ. സംഭവവുമായി ബന്ധപ്പെട്ട് നാലാം പ്രതിയും ബിജെപി പ്രവർത്തകനുമായ സന്തോഷിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സുഗതന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് അന്വേഷണവും ശക്തമായത്. കൗൺസിലറെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാണെന്നാണ് പൊലീസ് വിശദീകരണം. എന്നാൽ, നേരിട്ട് ഡിവിഷനിൽ പ്രത്യക്ഷപ്പെടാത്ത സുഗതൻ സമൂഹമാധ്യമങ്ങളിൽ സജീവമാണെന്നതും ശ്രദ്ധേയമാണ്. രണ്ട് ദിവസം മുൻപ് വരെ വിവിധ പദ്ധതി ആനുകൂല്യങ്ങളെക്കുറിച്ചുള്ള പോസ്റ്റുകൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഭക്തിഗാനമേളയ്ക്കിടെ ബഹളം സൃഷ്ടിച്ചവരെ തടയാൻ മാത്രമാണ് ആർ സുഗതൻ ശ്രമിച്ചതെന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം. എന്നാൽ സിപിഎം പ്രവർത്തകരെ ബോധപൂർവം ആക്രമിക്കുകയായിരുന്നു കൗൺസിലറും സംഘവും നടത്തിയതെന്നാണ് സിപിഎമ്മിന്റെ ആരോപണം.

അതേസമയം, കൗൺസിലർക്കെതിരെ കടുത്ത വിമർശനവുമായി സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്തെത്തി. “തിരഞ്ഞെടുപ്പിൽ ജയിച്ചതിന് പിന്നാലെ ഭാരതദർശനത്തിന് പോയ കൗൺസിലർ പിന്നീട് പൊങ്ങിയത് അടിക്കേസിൽ പ്രതിയായിട്ടാണ്” എന്നെഴുതിയ ഫ്ലെക്സുകളാണ് ഡിവൈഎഫ്ഐ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button