ബിനീഷ് കോടിയേരിയുടെ അപേക്ഷ വീണ്ടും തള്ളി; സിപിഎമ്മിൽ അനിശ്ചിതത്വം തുടരുന്നു

തിരുവനന്തപുരം: ലഹരിക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയിട്ടും ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുനഃസ്ഥാപിക്കാൻ സിപിഎം നേതൃത്വം തയ്യാറാകുന്നില്ല. അംഗത്വം തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് ബിനീഷ് നൽകിയ അപേക്ഷ സംസ്ഥാന നേതൃത്വം നാല് തവണ നിരസിച്ചതായാണ് വിവരം.
2001 മുതൽ 2020 വരെ പാർട്ടിയിൽ സജീവ അംഗമായിരുന്ന ബിനീഷിന്റെ അംഗത്വം ലഹരിക്കേസിൽപ്പെട്ടതിനെ തുടർന്നാണ് മരവിപ്പിച്ചത്. 2020-ൽ അറസ്റ്റിലായതോടെയാണ് പാർട്ടി ബിനീഷിനെ മാറ്റിനിർത്തിയത്. തുടർന്ന് 2023-ൽ കേസിൽ കോടതി പൂർണമായും കുറ്റവിമുക്തനാക്കിയിരുന്നു.
ഇതിനുശേഷമാണ് ജില്ലാ സെക്രട്ടറി മുഖേന അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് അപേക്ഷകൾ നൽകിയത്. എന്നാൽ കോടതി കുറ്റവിമുക്തനാക്കിയിട്ടും ബിനീഷിനെ തിരിച്ചെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം തുടരുന്നതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ചേർന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലും വിഷയം ചർച്ചയായി. ബിനീഷിനെ മാറ്റിനിർത്തുന്നതിനെതിരെ ചില അംഗങ്ങൾ രംഗത്തെത്തി. “നിരപരാധിയാണെന്ന് കോടതി വ്യക്തമാക്കിയിട്ടും പാർട്ടി എന്തിന് ശിക്ഷിക്കുന്നു?” എന്ന ചോദ്യം യോഗത്തിൽ ഉയർന്നതായും റിപ്പോർട്ടുകളുണ്ട്.
ഇതിന് മറുപടിയായി “ആലോചിച്ച് തീരുമാനമെടുക്കാം” എന്ന പ്രതികരണമാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകിയതെന്നാണ് വിവരം.
ബിനീഷ് കേസിൽപ്പെട്ട സമയത്ത്, അദ്ദേഹത്തിന്റെ പിതാവും അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിൽക്കേണ്ട സാഹചര്യം ഉണ്ടായിരുന്നതും വിഷയത്തിന് രാഷ്ട്രീയ പ്രാധാന്യം കൂട്ടുന്നുണ്ട്.



