നിലമ്പൂരിന് ഇനി പുതിയ എംഎല്‍എ;ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം: നിലമ്പൂരിന് ഇനി പുതിയ എംഎല്‍എ. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ എം ബി രാജേഷ്, കെ രാജന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. സ്പീക്കര്‍ എ എന്‍ ഷംസീറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലായിരുന്നു ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്. പ്രതിപക്ഷ നേതാവ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, ലോക്‌സഭാംഗങ്ങളായ ബെന്നി ബെഹ്‌നാന്‍, ഷാഫി പറമ്പില്‍, രമേശ് ചെന്നിത്തല, ജ്യോതികുമാര്‍ ചാമക്കാല, കെ സി ജോസഫ്, പി സി വിഷ്ണുനാഥ്, വി എസ് ജോയ് അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. എംഎല്‍എയായി അധികാരമേറ്റ ആര്യാടന്‍ ഷൗക്കത്തിനെ മുഖ്യമന്ത്രിയും സ്പീക്കറും അഭിനന്ദിച്ചു.

ദിവസങ്ങള്‍ നീണ്ട ഉദ്വേഗങ്ങള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ ജൂണ്‍ 23നായിരുന്നു നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത്. ആര്യാടന്‍ ഷൗക്കത്തിന് പുറമേ എല്‍ഡിഎഫിന്റെ എം സ്വരാജ്, എന്‍ഡിഎയുടെ മോഹന്‍ ജോര്‍ജ്, സ്വതന്ത്രനായി മത്സരിച്ച പി വി അന്‍വറുമായിരുന്നു പ്രധാന സ്ഥാനാര്‍ത്ഥികള്‍. ദിവസങ്ങള്‍ നീണ്ട പ്രചാരണങ്ങള്‍ക്കൊടുവില്‍ ഫലം പുറത്തുവന്നപ്പോള്‍ ആര്യാടന്‍ ഷൗക്കത്തിനായിരുന്നു വിജയം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *