വാണിജ്യ സിലിണ്ടർ വില വർധന: മേയ് 6ന് സംസ്ഥാനത്ത് ഹോട്ടൽ പണിമുടക്ക്

വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ കുത്തനെ ഉയർന്ന വിലക്കെതിരെ സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്. മേയ് 6ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ ആഹ്വാനം ചെയ്തു.

19 കിലോ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. ഇതോടെ സംസ്ഥാനത്ത് സിലിണ്ടർ വില 3000 രൂപ കടന്നിരിക്കുകയാണ്.

വില വർധനയെ തുടർന്ന് ഹോട്ടൽ മേഖലയിൽ വിഭവങ്ങളുടെ വില ഉയർത്തേണ്ട സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. ഇത് ഉപഭോക്താക്കൾക്കും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. അതേസമയം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ലെങ്കിലും, തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അതിലും വർധന ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ഹോർമുസ് പ്രതിസന്ധിയെ തുടർന്ന് വിതരണത്തിലെ നിയന്ത്രണങ്ങൾ സാധാരണ നിലയിലാകുന്നതിനിടെയാണ് പുതിയ വിലവർധന ഹോട്ടൽ മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കുന്നത്.

പുതിയ നിരക്കുകൾ പ്രകാരം തിരുവനന്തപുരം ജില്ലയിൽ 19 കിലോ സിലിണ്ടറിന് 3106 രൂപ, കൊച്ചിയിൽ 3085 രൂപ, കോഴിക്കോട് 3117 രൂപ എന്നിങ്ങനെയാണ് വില. ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, ചെറുകിട ഭക്ഷണശാലകൾ, തട്ടുകടകൾ എന്നിവയെല്ലാം വിലവർധനയുടെ ആഘാതത്തിൽപ്പെടുമെന്നാണ് ആശങ്ക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *