എസ്‌ഐ റാങ്ക് ലിസ്റ്റിലെ 43 പേർക്ക് നിയമന ഉത്തരവ് ഉടൻ; ജോലി നഷ്ടമാകില്ലെന്ന് ഉറപ്പുനൽകി ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: പിഎസ്‌സി പ്രസിദ്ധീകരിച്ച സബ് ഇൻസ്പെക്ടർ (എസ്‌ഐ) റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പട്ടികയിലുള്ള 43 ഉദ്യോഗാർത്ഥികൾക്ക് അടിയന്തിരമായി നിയമന ഉത്തരവ് നൽകാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. അർഹരായ ഉദ്യോഗാർത്ഥികൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് വ്യക്തമാക്കിയ മന്ത്രി, അടിയന്തര നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകുകയായിരുന്നു.

കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ സബ് ഇൻസ്പെക്ടർ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് 2025 ജൂൺ 9-നാണ് പ്രസിദ്ധീകരിച്ചത്. ഒരു വർഷത്തെ കാലാവധിയുള്ള ഈ പട്ടിക 2026 ജൂൺ 9-ന് അവസാനിക്കാനിരിക്കെയാണ് ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമായി സർക്കാരിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

സംസ്ഥാനത്തെ വിവിധ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി സർക്കാർ നേരത്തെ നീട്ടിനൽകിയിരുന്നെങ്കിലും എസ്‌ഐ റാങ്ക് ലിസ്റ്റിന് ആ ആനുകൂല്യം ലഭിച്ചിരുന്നില്ല. ഇതോടെ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിയമനം ലഭിക്കാത്ത പക്ഷം ജോലി നഷ്ടമാകുമെന്ന ആശങ്ക ഉദ്യോഗാർത്ഥികൾക്കിടയിൽ ശക്തമായിരുന്നു.

ഈ സാഹചര്യത്തിലാണ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് പരാതി അറിയിച്ചത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ മന്ത്രി, അർഹരായ ആർക്കും ജോലി നഷ്ടപ്പെടില്ലെന്ന് ഉറപ്പുനൽകി. നിയമനവുമായി ബന്ധപ്പെട്ട ഫയലിൽ അടിയന്തിരമായി തീർപ്പുകൽപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

സർക്കാരിന്റെ ഇടപെടലോടെ റാങ്ക് ലിസ്റ്റിലുള്ള 43 ഉദ്യോഗാർത്ഥികൾക്കും നിയമനം ലഭിക്കുമെന്ന പ്രതീക്ഷ ശക്തമായിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button