വന്യജീവി ആക്രമണങ്ങൾക്ക് ഒറ്റമൂലി പരിഹാരമില്ല; ഇനി പരീക്ഷണങ്ങൾക്ക് സമയമില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ

കൊല്ലം: വന്യജീവി ആക്രമണങ്ങൾക്കെതിരെ നിലവിൽ ഒറ്റമൂലി പോലൊരു പരിഹാരമില്ലെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

വന്യജീവി ആക്രമണങ്ങൾ ദീർഘകാലമായി സംസ്ഥാനം നേരിടുന്ന ഗുരുതര പ്രശ്നമാണെന്നും ഇതിന് ശാശ്വത പരിഹാരം കണ്ടെത്താൻ സമയവും ഏകോപിത ഇടപെടലും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണമാണ് വന്യജീവി ആക്രമണത്തെ തുടർന്നുണ്ടാകുന്നത്. പ്രശ്നത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വന്യജീവി ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ പ്രഥമ ഉത്തരവാദിത്തം വനംവകുപ്പിനാണെന്ന് സമ്മതിച്ച മന്ത്രി, ഇനി പരീക്ഷണങ്ങൾക്ക് സമയമില്ലെന്നും വ്യക്തമാക്കി. വനംവകുപ്പും മറ്റ് സർക്കാർ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും ജനങ്ങളും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ ഫലപ്രദമായ പരിഹാരം കണ്ടെത്താനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിരപ്പിള്ളിയിലെ സംഭവം ഫെൻസിങ് സംവിധാനമുള്ള പ്രദേശത്താണ് നടന്നതെന്നും, എന്നിരുന്നാലും വന്യജീവികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങിവരുന്നത് വലിയ വെല്ലുവിളിയായി തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ജാഗ്രതാ നിർദേശങ്ങൾ നൽകിയാലും വീടുകളുടെ മുറ്റത്തേക്ക് കാട്ടാനകൾ എത്തുമ്പോൾ സാധാരണ ജനങ്ങൾക്ക് എന്ത് ചെയ്യാനാകുമെന്നത് ഗൗരവമായ ചോദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ആറുമാസത്തിനിടെ സംസ്ഥാനത്ത് നടന്ന വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വനംവകുപ്പിനോട് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എവിടെയാണ് വീഴ്ച സംഭവിച്ചതെന്നും എന്തൊക്കെ തിരുത്തൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിലൂടെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വന്യജീവി ആക്രമണങ്ങൾ സംബന്ധിച്ച നിലവിലെ സാഹചര്യം വിലയിരുത്താനും തുടർനടപടികൾ ചർച്ച ചെയ്യാനുമായി തിങ്കളാഴ്ച രാവിലെ ചാലക്കുടിയിൽ പ്രത്യേക യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button