കേരളത്തിൽ വീണ്ടും പാമ്പുകടിയേറ്റ് മരണം

ആലപ്പുഴ: കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിന്റെ ഭാര്യ ഇന്ദിര (65) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വീടിനോട് ചേർന്നുള്ള ടോയ്‌ലറ്റിന് മുന്നിൽ വച്ചാണ് ഇന്ദിരയ്‌ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റത്.

ഉടൻതന്നെ നാട്ടുകാർ ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രി ഒമ്പതരയോടെ മരിച്ചു. ആന്റിവെനം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പാമ്പുകടിയേറ്റ് മരിക്കുന്ന രണ്ടാമത്തെയാളാണ് ഇന്ദിര. കഴിഞ്ഞ ദിവസം കായംകുളത്ത് 42കാരി പാമ്പുകടിയേറ്റ് മരിച്ചിരുന്നു.

ആന്റിവെനത്തിനായി അലയേണ്ട

പാമ്പുകടിയേറ്റാൽ കനിവ് 108 ആംബുലൻസ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളിൽ കൃത്യമായി എത്തിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആംബുലൻസിലുള്ള പരിചയ സമ്പന്നരായ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാനാകും. പാമ്പുകടിയേറ്റാൽ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ദ്ധ ചികിത്സയും നൽകിയാൽ ജീവൻ രക്ഷിക്കാൻ കഴിയുന്നതാണ്. അതിനാൽ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളിൽ പോയി സമയം കളയരുത്.

നിലവിൽ 146 ആശുപത്രികളിൽ ആന്റിവെനം ലഭ്യമാണ്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്‌നേക്ക് വെനം ലഭ്യമാണ്. അവിടെ ആന്റി സ്‌നേക്ക് വെനം സ്റ്റോക്കുണ്ടോ എന്ന് ഉറപ്പാക്കിയായിരിക്കും ആശുപത്രിയിലെത്തിക്കുക. മാത്രമല്ല പാമ്പുകടിയേറ്റ് വരുന്ന വിവരം ആശുപത്രിയേയും അറിയിക്കാനാകും. ആവശ്യമായവർ 108 എന്ന നമ്പരിൽ വിളിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *