ബിജെപിക്ക് ബാലികേറാമലയായ പഞ്ചാബിൽ ‘ഓപ്പറേഷൻ ലോട്ടസ്’ ആശങ്ക ; എംഎൽഎമാരുടെ നീക്കങ്ങളിൽ ആം ആദ്മിക്ക് ജാഗ്രത

ചണ്ഡീഗഡ്: പഞ്ചാബിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്കുള്ളിൽ രാഷ്ട്രീയ അനിശ്ചിതത്വം ഉയരുന്നു. സംസ്ഥാനത്ത് ബിജെപി ‘ഓപ്പറേഷൻ ലോട്ടസ്’ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിൽ, പാർട്ടിയിലെ ചില എംഎൽഎമാർ പാർട്ടി വിടുമോ എന്ന ആശങ്കയാണ് ശക്തമാകുന്നത്.
ആം ആദ്മി നേതൃത്വത്തിന്റെ വിലയിരുത്തലുകൾ പ്രകാരം, ചില എംഎൽഎമാരുമായി ബിജെപി ബന്ധപ്പെടാൻ ശ്രമിച്ചെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതോടെ പാർട്ടിക്കുള്ളിൽ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയതായി സൂചനയുണ്ട്. എംഎൽഎമാരെ ഒന്നിച്ചു നിർത്താൻ നേതൃനിര സജീവമായി ഇടപെടുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, ആം ആദ്മിയുടെ മുഴുവൻ എംഎൽഎമാരും ബിജെപിയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുകയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളെ പാർട്ടി ശക്തമായി നിഷേധിച്ചു. ഇത്തരം ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുളള ശ്രമമാണെന്നും നേതാക്കൾ പ്രതികരിച്ചു.
ബിജെപി പക്ഷം ആരോപണങ്ങൾ തള്ളി. സംസ്ഥാനത്ത് പാർട്ടി സ്വാഭാവിക വളർച്ചയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, മറ്റ് പാർട്ടികളിലെ എംഎൽഎമാരെ വശീകരിക്കാൻ ശ്രമിക്കുന്നില്ലെന്നുമാണ് ബിജെപി നിലപാട്.
പഞ്ചാബിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഉണ്ടാകുന്ന ഈ ആരോപണ-പ്രതാരോപണങ്ങൾ അടുത്ത ദിവസങ്ങളിൽ കൂടുതൽ ചൂടുപിടിക്കാനാണ് സാധ്യത.



