കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം പുതിയ തലത്തിലേക്ക്’ എംഎൽഎമാരുടെ പിന്തുണ തേടി പ്രമുഖ നേതാക്കൾ

സംസ്ഥാന കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം പുതിയ തലത്തിലേക്ക് കടക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥികളെ മുൻകൂട്ടി കണ്ട് അവരുടെ പിന്തുണ ഉറപ്പാക്കാൻ പ്രമുഖ നേതാക്കളുടെ അനുയായികൾ അണിയറയിൽ ചരടുവലി തുടങ്ങി. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ വിശ്വസ്തരാണ് തങ്ങളുടെ നേതാക്കൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കാൻ സജീവമായി രംഗത്തുള്ളത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി എംഎൽഎമാരുടെ പിന്തുണ സമാഹരിക്കാനാണ് ഈ നീക്കം.
നേതാക്കൾ പരസ്യമായ പ്രതികരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുമ്പോഴും സോഷ്യൽ മീഡിയയിൽ സൈബർ പോരാട്ടം രൂക്ഷമാണ്. മൂന്ന് പ്രമുഖ നേതാക്കളുടെയും അനുയായികൾ ചേരിതിരിഞ്ഞ് നടത്തുന്ന ഈ ഏറ്റുമുട്ടൽ പാർട്ടിക്കുള്ളിൽ വലിയ അസ്വാരസ്യങ്ങൾക്ക് കാരണമാകുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിന് ഏറ്റവും യോഗ്യൻ തങ്ങളുടെ നേതാവാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് സൈബർ ഇടങ്ങളിൽ നടക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപേ തന്നെ ഇത്തരം വിഭാഗീയതകൾ പ്രകടമാകുന്നത് പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
അതേസമയം, കോൺഗ്രസിലെ ഈ ആഭ്യന്തര തർക്കങ്ങളിൽ യുഡിഎഫിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗ് കടുത്ത അതൃപ്തിയിലാണ്. തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേരുന്ന ലീഗ് നേതൃയോഗത്തിൽ ഈ വിഷയം ഗൗരവമായി ചർച്ച ചെയ്യും. മുഖ്യമന്ത്രി പദത്തെച്ചൊല്ലി ഇപ്പോൾ നടക്കുന്ന ചർച്ചകൾ തിരഞ്ഞെടുപ്പ് വിജയത്തെ ദോഷകരമായി ബാധിക്കുമെന്ന് പല ലീഗ് നേതാക്കളും ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുന്നണിക്കുള്ളിൽ ഐക്യം നിലനിർത്താൻ ഇത്തരം നീക്കങ്ങൾക്ക് അടിയന്തരമായി തടയിടണമെന്ന നിലപാടിലാണ് ലീഗ് നേതൃത്വം.



