തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തതോടെ കോണ്‍ഗ്രസ്, സിപിഎം സമൂഹമാധ്യമ ഹാന്‍ഡിലുകളില്‍ എഐ വിഡിയോ പോര്

തിരുവനന്തപുരം∙ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തതോടെ കോണ്‍ഗ്രസ്, സിപിഎം സമൂഹമാധ്യമ ഹാന്‍ഡിലുകളില്‍ എഐ വിഡിയോ പോര്. മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനാക്കിയും പ്രതിപക്ഷ നേതാക്കളെ ആക്ഷേപിച്ചും സിപിഎം ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ എഐ വിഡിയോ പങ്കുവച്ചതിനു പിന്നാലെ ക്യാപ്റ്റന്‍ കള്ളനാണെന്നും കുടുംബമാണ് പ്രധാനമെന്നുമുള്ള ആക്ഷേപവുമായി കോണ്‍ഗ്രസും എഐ വിഡിയോ പുറത്തുവിട്ടു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ പത്തു വര്‍ഷത്തെ ഭരണനേട്ടം ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയെ ക്യാപ്റ്റനെന്നു വിശേഷിപ്പിച്ച് ദിവസങ്ങള്‍ക്കു മുന്‍പ് സിപിഎം ഇന്‍സ്റ്റഗ്രാം പേജില്‍ എഐ വിഡിയോ പങ്കുവച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും തമ്മിലടിക്കുമ്പോള്‍ പിണറായി വിജയന്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നാണ് വിഡിയോയില്‍ പറഞ്ഞിരുന്നത്.
ഇതിനെതിരെയാണ് ക്യാപ്റ്റന്‍ കള്ളനാണെന്ന് കുറ്റപ്പെടുത്തുന്ന എഐ വിഡിയോ കോണ്‍ഗ്രസ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിരിക്കുന്നത്. പത്തു വര്‍ഷത്തെ ദുര്‍ഭരണവും അഴിമതിയും കാരണം ജനം മുഖ്യമന്ത്രിയെ വെറുക്കുകയാണെന്ന് വിഡിയോയില്‍ പറയുന്നു. പൊള്ള വാഗ്ദാനങ്ങള്‍, പിആര്‍ തട്ടിപ്പ്, കരുവന്നൂര്‍, സ്വര്‍ണക്കടത്ത് തുടങ്ങി ആരോപണങ്ങള്‍ നീളുന്നു. എല്‍ഡിഎഫ് പോകും എല്ലാം ശരിയാകും എന്നു പറഞ്ഞാണ് വിഡിയോ അവസാനിക്കുന്നത്.



